

ചെന്നൈ: ഫിന്‍ജാൽ ചുഴലിക്കാറ്റ് കര തൊട്ടു. വൈകീട്ട് അഞ്ചരയോടെ ചുഴലിക്കാറ്റ് പുതുച്ചേരിയിലാണ് കര തൊട്ടത്. ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. കടൽ പ്രക്ഷുബ്ധമാണ്. ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.
പെരുമഴയെ തുടർന്നു ചെന്നൈയിൽ റോഡ്, ട്രെയിൻ ഗതാഗതം പലയിടത്തും തടസപ്പെട്ടു. നാളെ രാവിലെ നാല് മണി വരെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തി വച്ചതായി അധികൃതർ വ്യക്തമാക്കി. നൂറിലേറെ വിമാന സർവീസുകൾ റദ്ദാക്കി. 19 സർവീസുകൾ വഴി തിരിച്ചു വിട്ടു.
വരുന്ന 48 മണിക്കൂർ കനത്ത മഴയുണ്ടായേക്കുമെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുന്നറിയിപ്പു നൽകി. സ്ഥിതി നിയന്ത്രണത്തിലാണ്. ഏതു സാഹചര്യത്തേയും നേരിടാൻ സംവിധാനങ്ങൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം എർപ്പെടുത്താൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചിപുരം, വില്ലുപുരം, കള്ളക്കുറിച്ചി, കടലൂർ ജില്ലകലിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂർ, പെരമ്പള്ളൂർ, അരിയല്ലൂർ, തഞ്ചാവൂർ, തിരുവാരൂർ, മയിലാടുതുറൈ, നാഗപട്ടണം, കാരയ്ക്കൽ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
തെക്കൻ ആന്ധ്രപ്രദേശിലും മഴ കനക്കുകയാണ്. തിരുപ്പതിയിൽ കനത്ത മഴയാണ്. തെക്കൻ ആന്ധ്ര തീര മേഖല, റായലസീമ മേഖലകളിലും മഴ ശക്തി പ്രാപിക്കുന്നു. നെല്ലൂർ, കടപ്പ, അന്നമയ്യ, തിരുപ്പതി, ചിറ്റൂർ ജില്ലകളിൽ മണിക്കൂറിൽ 50 കിലോ മീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates