ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും പുതുച്ചേരിയിലും തീവ്രമഴയും ശക്തമായ കാറ്റും. ചെന്നൈ അടക്കമുള്ള പ്രദേശങ്ങളില്‍ പെയ്യുന്ന കനത്തമഴയില്‍ ജനജീവിതം തടസ്സപ്പെട്ടു. ചെന്നൈയ്ക്ക് പുറമേ ചെങ്കല്‍പ്പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, ഡെല്‍റ്റാ പ്രദേശങ്ങളായ തിരുവാരൂര്‍, മയിലാടുതുറൈ, നാഗപട്ടണം എന്നി ജില്ലകളിലും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ചെന്നൈയില്‍ നിന്ന് പുറപ്പെടുന്നതും തിരിച്ചുവരുന്നതുമായ വിമാന സര്‍വീസുകളെ ചുഴലിക്കാറ്റ് ബാധിച്ചു. ഇന്‍ഡിഗോയുടേത് അടക്കം 16 വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് തീരത്ത് അതീവ ജാഗ്രതാനിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യൂനമര്‍ദ്ദമാണ് ഫിന്‍ജാല്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പട്ട്, കാഞ്ചീപുരം, വില്ലുപുരം, കല്ലകുറിച്ചി, കടലൂര്‍, പുതുച്ചേരി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ചെന്നൈ ഉള്‍പ്പെടെയുള്ള എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. കൂടാതെ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പേരാമ്പ്ര, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാടുതുറൈ, നാഗപട്ടണം ജില്ലകളിലും കാരയ്ക്കല്‍ മേഖലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിരവധി വിമാനക്കമ്പനികള്‍ ചെന്നൈയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വരുന്നതും പോകുന്നതുമായ എല്ലാ വിമാനസര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഇന്‍ഡിഗോ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു.
ചുഴലിക്കാറ്റ് മുന്നൊരുക്കങ്ങളും ദുരിതാശ്വാസ നടപടികളും തമിഴ്‌നാട് റവന്യൂ മന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രന്‍ വിലയിരുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചു. 4,000-ലധികം ബോട്ടുകള്‍ കരയിലേക്ക് മടങ്ങിയിട്ടുണ്ടെന്നും 2,229 ദുരിതാശ്വാസ ക്യാമ്പുകള്‍ തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച ജില്ലകളില്‍ സ്‌പെഷ്യല്‍ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐടി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. ബീച്ചുകളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന രാഷ്ട്രപതിയുടെ പരിപാടിയും റദ്ദാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക