ന്യൂഡല്‍ഹി: പട്ടികജാതി സംവരണത്തില്‍ പ്രത്യേക ക്വാട്ട അനുവദിക്കാമെന്ന വിധി സുപ്രീംകോടതി പുനഃപരിശോധിക്കില്ല. സുപ്രീംകോടതി വിധിക്കെതിരായ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാബെഞ്ച് തള്ളി. പട്ടികജാതി വിഭാഗത്തിലെ കൂടുതല്‍ പിന്നാക്കക്കാര്‍ക്ക് പ്രത്യേക ക്വാട്ട അനുവദിക്കാമെന്ന വിധിക്കെതിരായ ഹര്‍ജികളാണ് കോടതി തള്ളിയത്.
പട്ടികജാതി വിഭാഗത്തിലെ കൂടുതല്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉപസംവരണം ആകാമെന്ന് കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് സുപ്രീംകോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ആ വിധിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി, വ്യക്തികളുടേതടക്കം നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിക്ക് ലഭിച്ചിരുന്നത്. ഈ ഹര്‍ജികളാണ് ഏഴംഗ ഭരണഘടനാബെഞ്ച് തള്ളിയത്.
നേരത്തെ പ്രസ്താവിച്ച വിധിയില്‍ അപാകതയില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയത്. ഉപവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ നീതികരിക്കുന്ന തരത്തില്‍ കണ്ടെത്തണം. ഏതെങ്കിലും ഒരു ഉപവിഭാഗത്തിന് മാത്രം മുഴുവന്‍ സംവരണവും കിട്ടുന്ന അവസ്ഥ ഉണ്ടാകരുതെന്നും അന്ന് വിധിയില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
പട്ടികജാതി വിഭാഗത്തില്‍ ഉപവര്‍ഗീകരണം പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഇ വി ചിന്നയ്യ കേസില്‍ 2004-ല്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു. ഇതു റദ്ദാക്കിക്കൊണ്ടാണ് ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിന് ഏഴംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. പട്ടിക വിഭാഗത്തില്‍ സാമൂഹികമായി ഭിന്ന ജാതികള്‍ ഉള്ളതിനാല്‍ ഭരണഘടനയുടെ 15(4), 16(4) അനുച്ഛേദങ്ങള്‍ നല്‍കുന്ന അധികാരം ഉപയോഗിച്ച് സര്‍ക്കാരുകള്‍ക്ക് പട്ടിജാതി വിഭാഗങ്ങളെ വീണ്ടും തരംതിരിക്കാമെന്നായിരുന്നു ഏഴംഗ ബെഞ്ച് വിധിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക