മാലദ്വീപ് അടുത്ത സുഹൃത്തെന്ന് മോദി, കറന്‍സി വിനിമയ കരാറില്‍ ഒപ്പുവെച്ചു; ഇന്ത്യയ്ക്ക് ഹാനികരമായി ഒന്നും ചെയ്യില്ലെന്ന് മുയിസു

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി സ്വതന്ത്രവ്യാപാര ഉടമ്പടിയില്‍ ചര്‍ച്ച ആരംഭിക്കാന്‍ തീരുമാനിച്ചതായും മോദി പറഞ്ഞു.
narendra modi
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിടിഐ
Published on
Updated on

ന്യൂഡല്‍ഹി: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും മാലദ്വീപും 400 മില്യണ്‍ ഡോളറിന്റെ കറന്‍സി വിനിമയ കരാറില്‍ ഒപ്പുവെച്ചു. നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഹൈദരാബാദ് ഹൗസില്‍ ചര്‍ച്ച നടത്തി. അതിനു ശേഷം ഇരുവരും ചേര്‍ന്ന് ഹനിമധൂ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ റണ്‍വേ ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി സ്വതന്ത്രവ്യാപാര ഉടമ്പടിയില്‍ ചര്‍ച്ച ആരംഭിക്കാന്‍ തീരുമാനിച്ചതായും മോദി പറഞ്ഞു.

തിലഫുഷിയില്‍ ഒരു പുതിയ വാണിജ്യ തുറമുഖം വികസിപ്പിക്കുന്നതിന് ഇന്ത്യ എല്ലാ പിന്തുണയും നല്‍കുമെന്നും മോദി പറഞ്ഞു. ഇന്ത്യ എല്ലായ്‌പ്പോഴും ഒരു അയല്‍വാസിയുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സമഗ്രമായ സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്തം എന്ന കാഴ്ചപ്പാടാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ളതെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ അടുത്ത സുഹൃത്താണ് മാലദ്വീപെന്നും മോദി കൂടിച്ചേര്‍ത്തു.

ഇതാദ്യമായാണ് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. ഞായറാഴ്ച ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ മുയിസു, രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മുയിസുവിനൊപ്പം ഭാര്യ സജിദ മുഹമ്മദും ഉണ്ട്. ഒക്ടോബര്‍ പത്തുവരെയാണ് ഇന്ത്യാ സന്ദര്‍ശനം.

കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം ഇന്ത്യയില്‍ വന്നിരുന്നു. ഞായറാഴ്ച ഡല്‍ഹിയില്‍ എത്തിയ ഉടനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ സുരക്ഷക്ക് ഹാനികരമായ ഒന്നും മാലദ്വീപ് ചെയ്യില്ലെന്ന് മുയിസു വ്യക്തമാക്കി.

മാലദ്വീപിന്റെ സുപ്രധാന പങ്കാളിയാണ് ഇന്ത്യ. ബഹുമാനങ്ങളിലും താത്പര്യങ്ങളിലുമുള്ള പാരസ്പരബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നും മുയിസു പറഞ്ഞു.

നേരത്തെ ഇന്ത്യയുമായി മികച്ച ബന്ധമായിരുന്നു മാലദ്വീപിനെങ്കിലും അടുത്ത കാലത്തായി അല്‍പ്പം സ്വരച്ചേര്‍ച്ചയിലാണ് കാര്യങ്ങള്‍. 2023-ല്‍ 'ഇന്ത്യ ഔട്ട്' കാമ്പയിന്‍ നടത്തി അധികാരത്തില്‍ വന്ന നേതാവാണ് മുഹമ്മദ് മുയിസു. ചൈനയോടുള്ള മുയിസുവിന്റെ ചായ്വ് വലിയ ചര്‍ച്ചയാവുകയും ചെയ്തു. മാലദ്വീപിലെ ഇന്ത്യന്‍ സായുധസേനയെ പുറത്താക്കണം എന്നുവരെ മുയിസു തെരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയുമായിട്ടുണ്ടായിരുന്ന നല്ല ബന്ധം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മാലദ്വീപ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com