

ന്യൂഡല്‍ഹി: ഭരണ വിരുദ്ധ വികാരം, കര്‍ഷക പ്രക്ഷോഭം, അഗ്‌നിവീര്‍ പദ്ധതിക്കെതിരായ അതൃപ്തി, ഗുസ്തിക്കാരുടെ പ്രതിഷേധം തുടങ്ങിയവയെല്ലാം ഇക്കുറി ഹരിയാനയില്‍ ഭരണമാറ്റം കൊണ്ടുവരുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ആ പ്രതീക്ഷകളെ അപ്പാടെ തകര്‍ത്താണ് ബിജെപി മൂന്നാം വട്ടവും ഹരിയാനയില്‍ അധികാരം നിലനിര്‍ത്തിയത്. 1966 ല്‍ സംസ്ഥാനം രൂപകൃതമായ ശേഷം ഇതാദ്യമായിട്ടാണ് ഒരു പാര്‍ട്ടി അധികാരത്തില്‍ ഹാട്രിക് നേടുന്നത്.
കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റോടെ അധികാരം നേടിയെങ്കിലും ബിജെപിക്ക് വോട്ടു വിഹിതം കോണ്‍ഗ്രസിനേക്കാള്‍ ഒരു ശതമാനത്തിനടുത്ത് മാത്രമേ കരസ്ഥമാക്കാനായിട്ടുള്ളൂ എന്നതാണ് കണക്കുകള്‍. ബിജെപിക്ക് 39. 94 ശതമാനവും കോണ്‍ഗ്രസിന് 39.09 ശതമാനവും വോട്ടുകളാണ് ലഭിച്ചത്. അതായത് കോണ്‍ഗ്രസിനേക്കാള്‍ 0.85 ശതമാനത്തിന്റെ വോട്ടു വിഹിതം മാത്രമാണ് ബിജെപിക്ക് കൂടുതലുള്ളത്. കോണ്‍ഗ്രസിനാകട്ടെ കഴിഞ്ഞ തവണത്തേക്കാള്‍ 11.1 ശതമാനം അധികം വോട്ടു വിഹിതമുണ്ട്. എന്നാല്‍ ഇതു സീറ്റായി പരിവര്‍ത്തിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. 2019 നേക്കാള്‍ എട്ടു സീറ്റ് കൂടുതല്‍, അതായത് 48 സീറ്റാണ് ബിജെപി ഇത്തവണ നേടിയത്. കേവലഭൂരിപക്ഷം സ്വന്തം നിലയില്‍ കരസ്ഥമാക്കുകയും ചെയ്തു.
വോട്ടു വിഹിതം വര്‍ധിച്ചിട്ടും കോണ്‍ഗ്രസിന് 2019 ലേതിനേക്കാള്‍ ആറു സീറ്റ് മാത്രമാണ് കൂടുതല്‍ ലഭിച്ചത്. 2019 ല്‍ 31 സീറ്റായിരുന്നത് ഇത്തവണ 37 സീറ്റായി കൂടി. അതേസമയം സീറ്റൊന്നും നേടാനായില്ലെങ്കിലും, പോള്‍ ചെയ്തതിന്റെ 1.79ശതമാനം വോട്ടുകള്‍ ആം ആദ്മി പാര്‍ട്ടി കരസ്ഥമാക്കി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഎപിയും സഹകരിച്ചു മത്സരിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019 ല്‍ ബിജെപിക്ക് 40 സീറ്റു ലഭിച്ചപ്പോള്‍ വോട്ടു വിഹിതം 36. 49 ശതമാനമായിരുന്നു. കോണ്‍ഗ്രസിന് 31 സീറ്റു കിട്ടിയപ്പോള്‍ 28.08 ശതമാനവുമായിരുന്നു വോട്ടു വിഹിതം ലഭിച്ചിരുന്നത്.
ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ തവണ ലഭിച്ച 0.48 ശതമാനം വോട്ടു വിഹിതമാണ് ഇത്തവണ 1.79 ശതമാനമായി വര്‍ധിപ്പിച്ചത്. മറ്റൊരു പാര്‍ട്ടിയായ ഐഎന്‍എല്‍ഡിയും വോട്ടു വിഹിതത്തില്‍ വര്‍ധനയുണ്ടാക്കി. രണ്ടു സീറ്റില്‍ വിജയിച്ച ഐഎന്‍എല്‍ഡി കഴിഞ്ഞ തവണ നേടിയ 2.44 ശതമാന്തതില്‍ നിന്നും 4.14 ശതമാനമായി വോട്ടു വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. 2019 ല്‍ 10 സീറ്റ് നേടിയ മുന്‍ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാലയുടെ ജെജെപിക്ക് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒരു സീറ്റും നേടാന്‍ കഴിയാതിരുന്ന ജെജെപി, കഴിഞ്ഞ തവണത്തെ 15 ശതമാനത്തില്‍ നിന്നും വോട്ടു വിഹിതം 0.90 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates