ജയ്പൂര്‍: രാജസ്ഥാനില്‍ കത്തുപിടിച്ച കാര്‍ 'തീഗോളമായി' മുന്നോട്ടുപാഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. കത്തുന്ന കാര്‍ റോഡില്‍ തീഗോളമായി പാഞ്ഞടുക്കുന്നത് കണ്ട് കാഴ്ചക്കാരായി നിന്ന മറ്റു യാത്രക്കാര്‍ വാഹനവും കൊണ്ട് ഓടി രക്ഷപ്പെട്ടു. ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാരന്‍ ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയത് മൂലം അത്യാഹിതം ഒഴിവായി. എന്നാല്‍ കാറിന് തീപിടിച്ചതോടെ ഹാന്‍ഡ് ബ്രേക്കിന് തകരാര്‍ സംഭവിച്ചത് മൂലം നിയന്ത്രണം വിട്ട കാര്‍ റോഡിലൂടെ തീഗോളമായി പായുകയായിരുന്നു.
ജയ്പൂരിലെ സോദാല മേഖലയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. തീപിടിച്ചതിനെ തുടര്‍ന്ന് ഹാന്‍ഡ് ബ്രേക്ക് തകരാറിലായതോടെ കാര്‍ താഴേക്ക് ഉരുണ്ടുനീങ്ങാന്‍ തുടങ്ങുകയായിരുന്നു. അതിവേഗം പാഞ്ഞുവന്ന കത്തുന്ന കാര്‍ റോഡില്‍ ഒരു മോട്ടോര്‍ സൈക്കിളിനെ ഇടിച്ചു. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. എന്നാല്‍, ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബോണറ്റില്‍ നിന്ന് പുക വരാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് എലിവേറ്റഡ് റോഡില്‍ കാര്‍ നിര്‍ത്തുകയായിരുന്നുവെന്ന് ഡ്രൈവര്‍ ജിതേന്ദ്ര അറിയിച്ചു. പുക വരുന്നത് കണ്ട് താന്‍ കാറില്‍ നിന്ന് ഇറങ്ങിയെന്നും എന്നാല്‍ ഹാന്‍ഡ് ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് കാര്‍ മുന്നോട്ടു നീങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കുകയായിരുന്നു.
എലിവേറ്റഡ് റോഡില്‍ നിന്ന് താഴേക്ക് നീങ്ങിയ ശേഷം കത്തുന്ന കാര്‍ ഒടുവില്‍ ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക