ബംഗളൂരു: ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ലോഞ്ച് ആക്‌സസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ, 87000 രൂപ തട്ടിയെടുത്തതായി യുവതിയുടെ പരാതി. വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പാണ് ലോഞ്ച് ആക്‌സസ് ചെയ്യാന്‍ ശ്രമിച്ചത്. ലോഞ്ച് ആക്‌സസ് ചെയ്യാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് പിന്നാലെയാണ് പണം നഷ്ടമായതെന്ന് തന്റെ ദുരനുഭവം പങ്കുവെച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ യാത്രക്കാരി ഭാര്‍ഗവി മണി ആരോപിക്കുന്നു.
ലോഞ്ച് ആക്‌സസ് ചെയ്യാമെന്ന് കരുതി നോക്കിയപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് കൈവശം ഉണ്ടായിരുന്നില്ല. ക്രെഡിറ്റ് കാര്‍ഡിന്റെ ഫോട്ടോ ലോഞ്ച് ജീവനക്കാരനെ കാണിച്ചു. സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും ഫേഷ്യല്‍ സ്‌കാന്‍ പൂര്‍ത്തിയാക്കാനും അവര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതോടെ തന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി പണം കവര്‍ന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
'ലോഞ്ച് പാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. പക്ഷേ ലോഞ്ച് ഉപയോഗിച്ചില്ല. പകരം സ്റ്റാര്‍ബക്‌സില്‍ പോയി കാപ്പി കുടിച്ചു. പിന്നീട്, തനിക്ക് ഫോണില്‍ കോളുകള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന് ശ്രദ്ധിച്ചു. ആദ്യം ഇതൊരു നെറ്റ്വര്‍ക്ക് പ്രശ്നമാണെന്നാണ് കരുതിയത്. എന്നാല്‍ അപരിചിതര്‍ തന്റെ കോളുകള്‍ക്ക് ഉത്തരം നല്‍കാന്‍ തുടങ്ങിയപ്പോള്‍ എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കി. അന്വേഷണത്തില്‍, ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജായി 87,000 രൂപ വന്നത് കണ്ടെത്തി. ഫോണ്‍പേ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും കണ്ടെത്തി. തന്റെ ഫോണ്‍ ആക്സസ് ചെയ്യുന്നതിനും കോളുകള്‍ വഴിതിരിച്ചുവിടുന്നതിനും അനധികൃത ഇടപാടുകള്‍ക്കും ഒടിപികള്‍ തടസ്സപ്പെടുത്തുന്നതിനും തട്ടിപ്പുകാര്‍ ആപ്പ് ഉപയോഗിച്ചതായി സംശയം തോന്നി'- ഭാര്‍ഗവി മണി പറയുന്നു.
ഒരു ഘട്ടത്തിലും താന്‍ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തെയോ അതിന്റെ അധികൃതരെയോ കുറ്റപ്പെടുത്തിയിട്ടില്ലെന്നും യുവതി വിഡിയോയില്‍ പറയുന്നു. എയര്‍പോര്‍ട്ട് അധികൃതര്‍ തന്നെ സമീപിച്ചതായും സ്ഥിതിഗതികള്‍ മനസിലാക്കി അവര്‍ സഹായിക്കുകയാണെന്നും അവര്‍ സൂചിപ്പിച്ചു. അതിനുശേഷം സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റിനെ വിവരം അറിയിക്കുകയും ബാങ്കിനെ അറിയിക്കുകയും ചെയ്തു. ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്തതായും യുവതി അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക