

ലക്നൗ: അയോധ്യയിലെ കുരങ്ങുകളുടെ ക്ഷേമത്തിനായി ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ. രാമക്ഷേത്രത്തിന്റെ പരിസരത്തുള്ള കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിനായാണ് താരം ഇത്രയും രൂപ സംഭാവന നൽകിയത്. മാതാപിതാക്കളായ ഹരി ഓമിന്റെയും അരുണ ഭാട്ടിയയുടേയും ഭാര്യാ പിതാവ് രാജേഷ് ഖന്നയുടേയും പേരിലാണ് അക്ഷയ് കുമാര്‍ പണം സമര്‍പ്പിച്ചതെന്ന് ആഞ്ജനേയ സേവ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റി പ്രിയ ഗുപ്ത വ്യക്തമാക്കി.
രാമായണത്തിലെ പുരാതന കഥാപാത്രമായ ഹനുമാന്റെ വീര സൈന്യത്തിന്റെ പിൻഗാമികളായാണ് അയോധ്യയിലെ വാനരന്മാരെ കണക്കാക്കുന്നത്. രാവണനെതിരായ ശ്രീരാമന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചവരെന്നാണ് വിശ്വാസികൾക്ക് ഇവിടുത്തെ കുരങ്ങന്മാരെക്കുറിച്ചുള്ള ഐതിഹ്യം. ഈ വാനരക്കൂട്ടം ഇപ്പോൾ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർ കഴിച്ച് ഉപേക്ഷിച്ച ഭക്ഷണമാണ് പലപ്പോഴും ഇവർ ആശ്രയിക്കുന്നത്.
അക്ഷയ് കുമാർ വളരെ ദയാനിധിയും ഉദാരമനസ്കനും മാത്രമല്ലെന്നും സാമൂഹിക ബോധമുള്ള ഇന്ത്യൻ പൗരൻ കൂടിയാണെന്നും പ്രിയ ഗുപ്ത വ്യക്തമാക്കി. അയോധ്യയിലെ പൗരന്മാരെയും നഗരത്തെയും കുറിച്ചും അദ്ദേഹത്തിന് ശ്രദ്ധയുണ്ടെന്നും അതുകൊണ്ട് തന്നെ കുരങ്ങുകൾക്ക് ഭക്ഷണം നൽകുമ്പോൾ പ്രദേശവാസികൾക്ക് ഒന്നും അസൗകര്യം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും പ്രിയ ഗുപ്ത വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates