

കൊല്‍ക്കത്ത: ബലാത്സംഗക്കേസുകളില്‍ അതിവേഗ വിചാരണയും പരമാവധി ശിക്ഷയും ഉറപ്പു വരുത്തുന്ന 'അപരാജിത ബില്‍' പശ്ചിമ ബംഗാള്‍ നിയമസഭ പാസ്സാക്കി. സഭ ഏകകണ്ഠമായാണ് ബില്‍ പാസ്സാക്കിയത്. ബലാത്സംഗത്തെത്തുടർന്ന് ഇര കൊല്ലപ്പെടുകയോ, ശരീരം തളര്‍ന്ന അവസ്ഥയിലാകുകയോ ചെയ്താല്‍ പ്രതിക്ക് വധശിക്ഷ ബില്ലില്‍ നിര്‍ദേശിക്കുന്നു. ലൈംഗികപീഡനങ്ങളില്‍ പ്രതിക്ക് പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയും ശുപാര്‍ശ ചെയ്യുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിയമസഭ പാസ്സാക്കിയ ബില്‍ അംഗീകാരത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് നല്‍കാനാണ് മമത സര്‍ക്കാരിന്റെ തീരുമാനം. ബലാത്സംഗം, കൂട്ടബലാത്സംഗം, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന കേന്ദ്ര നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി ഇതോടെ ബംഗാള്‍ മാറി. കല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ ബില്‍ കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ബലാത്സംഗം മനുഷ്യത്വത്തിന് നേര്‍ക്കുള്ള ശാപമാണ്. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ തടയാന്‍ സാമൂഹ്യ പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്. ബില്‍ ചരിത്രപരമാണെന്നും, മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും, അപരാജിത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഭേദഗതി കൊണ്ടു വരുന്നതിലൂടെ, നിലവിലെ നിയമങ്ങളിലെ പഴുതുകള്‍ അടയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. ബില്‍ നിയമമായാല്‍, അന്വേഷണം അതിവേഗം പൂര്‍ത്തീകരിക്കുന്നതിനായി സ്‌പെഷല്‍ അപരാജിത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി മമത പറഞ്ഞു.
കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ കൊല്ലപ്പെട്ട യുവ ഡോക്ടര്‍ക്കുള്ള ആദരം കൂടിയാണ് ഈ ബില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബില്‍ അവതരണ വേളയില്‍ പ്രതിപക്ഷമായ ബിജെപി മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി ബഹളം വെച്ചു. അങ്ങനെയെങ്കില്‍ ഇതേ കാരണം ഉയര്‍ത്തി നിങ്ങള്‍ പ്രധാനമന്ത്രിയും ആഭ്യന്ത്രമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെടണമെന്ന് മമത തിരിച്ചടിച്ചു. ബംഗാളിനെ അപേക്ഷിച്ച് ഉത്തര്‍പ്രദേശിലും ഗുജറാത്തിലും സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ വളരെയേറെയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ബലാത്സംഗത്തിനെതിരെ ഫലപ്രദമായി നിയമം നടപ്പാക്കുന്നില്ലെന്നും മമത ബാനര്‍ജി ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates