ഹൈദരബാദ്: തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി ഭക്തര്‍ക്കു നല്‍കുന്ന ലഡു തയാറാക്കാന്‍ മുന്‍ സര്ക്കാരിന്റെ കാലത്ത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍. വൈഎസ്ആര്‍ കോണ്‍സ്ര് പാര്‍ട്ടി നേതാവ് വൈവി സുബ്ബറെഡ്ഡി സമര്‍പ്പിച്ച ഹര്‍ജി ആന്ധ്രാപ്രദേശ് ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. അതിനിടെ, വിവാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരില്‍നിന്നു റിപ്പോര്‍ട്ട് തേടി.
വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തില്‍ ലഡു നിര്‍മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മൃഗക്കൊഴുപ്പ് അടങ്ങിയതായി ഗുജറാത്തിലെ ലാബില്‍ കണ്ടെത്തിയെന്ന് ചന്ദ്രബാബു നായിഡു തെലുങ്കു ദേശം പാര്‍ട്ടി പരിപാടിയിലാണ് വെളിപ്പെടുത്തിയത്. ഇതു വന്‍ വിവാദമായതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ജെപി നഡ്ഡ റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉചിത നടപടി സ്വീകരിക്കുമെന്ന് നഡ്ഢ പറഞ്ഞു.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ വെളിപ്പെടുത്തല്‍ ഹൈക്കോടതിയിലെ ഒരു സിറ്റിങ് ജഡ്ജി അന്വേഷിക്കട്ടെ, അല്ലെങ്കില്‍ ഹൈക്കോടതി ഒരു സമിതി രൂപീകരിക്കട്ടെ, അതുമല്ലെങ്കില്‍ സിബിഐ അന്വേഷിക്കട്ടെയെന്നും സുബ്ബറെഡ്ഡി പറഞ്ഞു. മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്ന ഒരാള്‍, കോടിക്കണക്കിന് ഹിന്ദു ഭക്തരുടെ വികാരത്തെ വ്രണപ്പെടുമെന്നതിനാല്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു. ഉച്ച ഭക്ഷണ ഇടവേളയില്‍ ഹര്‍ജി കേള്‍ക്കണമെന്ന് റെഡ്ഡി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
മുന്‍ സര്ക്കാരിന്റെ കാലത്ത് തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തെപ്പോലും വെറുതെ വിട്ടില്ലെന്നും ലഡു തയാറാക്കാന്‍ മൃഗക്കൊഴുപ്പും മീനെണ്ണയും ഉപയോഗിച്ചെന്നും നാഷനല്‍ ഡയറി ഡെവലപ്മെന്‍റ് ബോര്‍ഡിന്‍റെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അറിയിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദൈവങ്ങളെ വച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമമാണിതെന്ന് പറഞ്ഞ സുധാകര്‍ റെഡ്ഡി, ചന്ദ്രാബാബു നായിഡു രാഷ്ട്രീയമായി ചെളിവാരിയെറിയുകാണെന്നും സുധാകര റെഡ്ഡി പറഞ്ഞു. തന്റെ മങ്ങുന്ന രാഷ്ട്രീയ പ്രതിച്ഛായ സംരക്ഷിക്കാനാണ് ദൈവങ്ങളെ ഉപയോഗിക്കുന്നത്. നിങ്ങള്‍ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍, സത്യം പുറത്തുവരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നായിഡുവിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയില്‍ നിന്നും സത്യം പുറത്തുവരില്ലെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക