CPM Party Congress: പാര്‍ട്ടി കോണ്‍ഗ്രസിന് ചെങ്കൊടി ഉയര്‍ന്നു; 'അധികാര കേന്ദ്രങ്ങളുമായും സമ്പന്നരുമായും അടുപ്പം, പാര്‍ലമെന്ററി സ്ഥാനങ്ങളോട് താല്‍പ്പര്യം കൂടുന്നു'; അവലോകന രേഖയില്‍ വിമര്‍ശനം

പ്രതിനിധി സമ്മേളനം പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു
cpm party congress
പ്രകാശ് കാരാട്ട്, ബിമൻ ബസു പതാക ഉയർത്തുന്നു എക്സ്
Updated on
1 min read

ചെന്നൈ: സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്. പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, മണിക് സര്‍ക്കാര്‍, എംഎ ബേബി, ബൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു. പ്രതിനിധി സമ്മേളനം പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

മുന്‍കാല തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിലെ വീഴ്ചയിലും, പാര്‍ട്ടിയുടെ ബഹുജന അടിത്തറ നഷ്ടപ്പെടുന്നതിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന അവലോകന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനമുണ്ട്. പാര്‍ട്ടി അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കേണ്ടതിന്റെ വിശദമായ പദ്ധതിയും റിപ്പോര്‍ട്ടില്‍ മുന്നോട്ടു വെക്കുന്നു. പാര്‍ട്ടി കേഡര്‍മാരില്‍ പാര്‍ട്ടി വിദ്യാഭ്യാസം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ട് അടിവരയിടുന്നു.

മുന്‍കാലങ്ങളെ അപേക്ഷിച്ച്, പാര്‍ലമെന്ററി സ്ഥാനങ്ങളോട് നേതാക്കള്‍ക്കിടയില്‍ താല്‍പ്പര്യം വര്‍ധിക്കുന്നു. ഈ പ്രവണത ബഹുജനങ്ങള്‍ക്കും തൊഴിലാളി വര്‍ഗങ്ങള്‍ക്കുമിടയില്‍ നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. അധികാര കേന്ദ്രങ്ങളുമായും സാമ്പത്തികമായി സമ്പന്നരായ വര്‍ഗവുമായും വിട്ടുവീഴ്ച ചെയ്യുന്ന പ്രവണതയും വര്‍ധിച്ചു വരുന്നു. സ്വാഭാവികമായും തൊഴിലാളിവര്‍ഗത്തോടുള്ള സമീപനത്തെ ഇത് ബാധിക്കുന്നുവെന്നും അവലോകന രേഖയില്‍ കുറ്റപ്പെടുത്തുന്നു.

പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തിയും രാഷ്ട്രീയ ഇടപെടല്‍ ശേഷിയും വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. പാര്‍ട്ടി മുമ്പ് പല അവസരങ്ങളിലായി നിരവധി രാഷ്ട്രീയ, സംഘടനാ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഇവ പാര്‍ട്ടിക്കുള്ളില്‍ മതിയായ ഗൗരവത്തോടെ നടപ്പിലാക്കണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബഹുജന, വര്‍ഗ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത പിന്തുണ തെരഞ്ഞെടുപ്പ് നേട്ടങ്ങളാക്കി മാറ്റുന്നതില്‍ പാര്‍ട്ടി പരാജയപ്പെടുന്നു. വര്‍ഗീയ പ്രചാരണത്തെ ഫലപ്രദമായി നേരിടാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. അതേസമയം, തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി പാര്‍ട്ടി നയത്തില്‍ വിട്ടുവീഴ്ച പാടില്ല. വിവിധ പ്രദേശങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പാര്‍ട്ടി ശക്തമായി ഇടപെടണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

ഉദ്ഘാടന സമ്മേളനത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ-എംഎല്‍, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ യോഗത്തെ അഭിസംബോധന ചെയ്യും. 80 നിരീക്ഷകര്‍ അടക്കം എണ്ണൂറിലധികം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നും 175 പ്രതിനിധികളാണുള്ളത്. രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ടും, സംഘടനാ റിപ്പോര്‍ട്ട് മുതിര്‍ന്ന പി ബി അംഗം ബി വി രാഘവലുവും അവതരിപ്പിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com