
മധുരൈ: യുവതലമുറ പാര്‍ട്ടിയില്‍ നിന്ന് അകലുന്നു എന്നത് യാഥാര്‍ഥ്യമെന്ന് മുതിര്‍ന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ സുഭാഷിണി അലി. 'ഒരു തലമുറ പാര്‍ട്ടിക്കൊപ്പം ഉറച്ചു നിന്നിരുന്നു, എന്നാല്‍ അവരുടെ മക്കള്‍ അതേ പാത പിന്തുടരണം എന്ന് നിര്‍ബന്ധമില്ല. ഇതാണ് പാര്‍ട്ടി നേരിടുന്ന പ്രധാന വെല്ലുവിളി.' യുവതലമുറയെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ വിശദമായ പദ്ധതികള്‍ ആവശ്യമാണെന്നും സുഭാഷിണി അലി 24-ാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെ മധുരയില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
ഇപ്പോഴത്തെ സാഹചര്യം മാത്രം പരിഗണിച്ച് പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകന്നു എന്ന വിലയിരുത്തല്‍ തെറ്റാണ്. ഏറ്റവും പ്രതികൂലമായ ഒരു സാഹചര്യത്തിലാണ് പ്രബലരായ എതിരാളികളെ പാര്‍ട്ടി നേരിടുന്നത്. പാര്‍ട്ടിയുടെ കൈവശം പരിമിതമായ വിഭവങ്ങള്‍ മാത്രമാണുള്ളത്. പല വലിയ പാര്‍ട്ടികളും ബിജെപിയെ നേരിടാന്‍ മടിക്കുന്ന സാഹചര്യത്തില്‍ പോലും സിപിഎം ശക്തമായ പ്രതിരോധമാണ് ഉയര്‍ത്തുന്നത്. ജന പിന്തുണയുണ്ടായിട്ടും തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടികള്‍ നേരിടുന്ന സാഹചര്യം പാര്‍ട്ടി വിശദമായി പരിശോധിക്കും എന്നും സുഭാഷിണി അലി വ്യക്തമാക്കുന്നു.
യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ആവശ്യമായ മാര്‍ഗങ്ങള്‍ കൈക്കൊള്ളണം. അതിനായി ഉചിതമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണം. യുവാക്കളുടെ താത്പര്യങ്ങള്‍ തിരിച്ചറിഞ്ഞ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ നടത്തിവരികയാണെന്നും സുഭാഷിണി അലി ചൂണ്ടിക്കാട്ടി.
സിപിഎമ്മും ഇന്ത്യയും ഒരു നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മനുവാദ തത്വങ്ങള്‍ അതിവേഗം നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഈ കാലത്ത് ബിജെപിയുടെ ഫാസിസ്റ്റ് നിലപാടുകളെ പ്രതിരോധിക്കാന്‍ മുന്നിലുണ്ടാവുക എന്നത് സിപിഎമ്മിന്റെ ഉത്തരവാദിത്തമാണ്. അതേസമയം തന്നെ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുമുണ്ട്. സിപിഎമ്മിന്റെ സ്വതന്ത്ര പ്രതിച്ഛായ ശക്തിപ്പെടുത്തുക എന്നതും പ്രധാനമാണെന്നും സുഭാഷിണി അലി വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക