
ചെന്നൈ: മധുരയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കേന്ദ്രക്കമ്മിറ്റി തെരഞ്ഞെടുപ്പില്‍ അധാരാണ നീക്കങ്ങള്‍. 84 പേരുടെ കേന്ദ്രക്കമ്മിറ്റി പാനലാണ് അവതരിപ്പിച്ചത്. പുതിയ കേന്ദ്രക്കമ്മിറ്റി അംഗങ്ങളുടെ പട്ടിക അവതരിപ്പിച്ചപ്പോള്‍ എതിര്‍പ്പുമായി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര കമ്മിറ്റിയില്‍ നിന്നുള്ളവര്‍ രംഗത്തെത്തി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഡി എല്‍ കരാഡ് കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു. ഇതോടെ പ്രസീഡിയം മത്സരത്തിന് അനുമതി നല്‍കി.
കേന്ദ്രക്കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത് അസാധാരണമാണ്. തൊഴിലാളി വര്‍ഗത്തെ അവഗണിച്ചുവെന്ന് പറഞ്ഞാണ് കരാഡ് മത്സരിക്കുന്നത്. 40 വര്‍ഷമായി പാര്‍ട്ടിയിലുണ്ട്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭാഗമായാണ് മത്സരിച്ചതെന്നും, ഫലം എന്തായാലും സന്തോഷമെന്നും കാരാഡ് പറഞ്ഞു. കേന്ദ്ര കമ്മിറ്റിയുടെ ഉയര്‍ന്ന പ്രായപരിധി 75 വയസ്സ് തന്നെയാണ്.
മൂന്നുപേര്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ജമ്മു കശ്മീരില്‍ നിന്നുള്ള മുഹമ്മദ് യൂസഫ് തരിഗാമി, പി കെ ശ്രീമതി ടീച്ചര്‍ എന്നിവര്‍ക്കാണ് ഇളവ് അനുവദിച്ചത്. കേന്ദ്ര കമ്മിറ്റിയിലേക്കുള്ള ഔദ്യോഗിക പാനലില്‍ ആകെ 30 പുതുമുഖങ്ങളാണ് ഇടംപിടിച്ചിട്ടുള്ളത്. ഇതില്‍ 19 പേര്‍ മലയാളികളാണ്. കെ എസ് സലീഖ, ടിപി രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍ എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
പൊളിറ്റ് ബ്യൂറോയില്‍ നിന്ന് 75 വയസ്സ് കഴിഞ്ഞ നേതാക്കളെല്ലാം ഒഴിവായി. പിബിയില്‍ പിണറായി വിജയന് മാത്രമാണ് ഇളവ് ലഭിച്ചത്. പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, ജി രാമകൃഷ്ണന്‍ എന്നിവര്‍ പിബിയില്‍ നിന്ന് മാറി. ഇവര്‍ കേന്ദ്രക്കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാകും.
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ വിജു കൃഷ്ണനും ആര്‍ അരുണ്‍ കുമാറും പൊളിറ്റ് ബ്യൂറോയിലേക്ക് എത്തി. അരുണ്‍കുമാര്‍ ആന്ധ്രയില്‍നിന്നുള്ളയാളാണ്. ബൃന്ദാ കാരാട്ടിനും സുഭാഷിണി അലിക്കും പകരം, തമിഴ്‌നാട്ടില്‍ നിന്നുള്ള യു വാസുകി, മഹാരാഷ്ട്രയില്‍നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമായ മറിയം ധാവളെ എന്നിവര്‍ പിബിയിലെത്തി.
മഹിളാ അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ് മറിയം. ഇതോടെ പിബിയില്‍ ഇടംപിടിച്ച ദമ്പതികളായി അശോക് ധാവളെയും മറിയവും മാറി. പ്രകാശ് കാരാട്ടും ബൃന്ദയുമായിരുന്നു കഴിഞ്ഞ പിബിയിലെ ദമ്പതികള്‍. കെ ബാലകൃഷ്ണന്‍ (തമിഴ്‌നാട്), അമ്രാറാം (രാജസ്ഥാന്‍), ജിതേന്ദ്ര ചൗധരി ( ത്രിപുര), ശ്രീദിപ് ഭട്ടാചാര്യ (ബംഗാള്‍) എന്നിവരാണ് പുതിയ പിബി അംഗങ്ങള്‍. പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക