
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ത്യക്കാരന്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ നടപടി. ന്യൂഡല്‍ഹി ബാങ്കോക്ക് എയര്‍ ഇന്ത്യ 2336 വിമാനത്തില്‍വച്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ തുഷാര്‍ മസന്ദ് എന്ന 24 കാരന്‍ സഹയാത്രികനു മേല്‍ മൂത്രമൊഴിക്കുകയായിരുന്നു
വിമാനത്തില്‍ വെച്ച് പലതവണ യാത്രക്കാരന് മുന്നറിയിപ്പ് നല്‍കിയെങ്കിലും യാത്രക്കാരന്‍ ചെവിക്കൊണ്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിക്കുന്ന ഒട്ടേറേ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരനു പരാതിപ്പെടുന്നതിനുള്ള സഹായം എയര്‍ലൈന്‍ വാഗ്ദാനം ചെയ്‌തെങ്കിലും യാത്രക്കാരന്‍ നിരസിച്ചിരുന്നു.
സംഭവത്തില്‍ എയര്‍ ഇന്ത്യ, യാത്രക്കാരനെ 30 ദിവസത്തേക്ക് എയര്‍ ഇന്ത്യ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ആഭ്യന്തര അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികളെ കുറിച്ച് തീരുമാനമെടുക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും സ്റ്റാന്‍ഡിങ് കമ്മിറ്റിയും എയര്‍ ഇന്ത്യ രൂപീകരിച്ചു. വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു.
''ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോഴെല്ലാം ശ്രദ്ധിക്കുകയും എയര്‍ലൈനുമായി സംസാരിക്കാറുമുണ്ട്. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കും'' സിവില്‍ ഏവിയേഷന്‍ മന്ത്രി കെ റാംമോഹന്‍ നായിഡു പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക