
വാഷിങ്ടണ്‍: ഇന്ത്യക്കാര്‍ അത് അര്‍ഹിച്ചിരുന്നുവെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ ഹുസൈന്‍ റാണ അഭിപ്രായപ്പെട്ടിരുന്നതായി അമേരിക്കയുടെ വെളിപ്പെടുത്തല്‍. ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഒമ്പത് ലഷ്‌കര്‍ ഇ തയ്ബ ഭീകരര്‍ക്ക്, പാകിസ്ഥാന്റെ പരമോന്നത ധീരതാ ബഹുമതിയായ 'നിഷാന്‍ ഇ ഹൈദര്‍' നല്‍കണമെന്ന് തഹാവൂര്‍ റാണ നിര്‍ദ്ദേശിച്ചതായും യുഎസ് നീതിന്യായ വകുപ്പ് വെളിപ്പെടുത്തി.
ഭീകരാക്രമണത്തിന് ശേഷം, ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്മാരിലൊരാളായ ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയുമായി നടത്തിയ സംഭാഷണത്തിലാണ്, ഇന്ത്യക്കാര്‍ അത് അര്‍ഹിച്ചിരുന്നു എന്ന് റാണ പറഞ്ഞതെന്നും യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ചോര്‍ത്തിയെടുത്ത ഫോണ്‍ സംഭാഷണത്തിലാണ്, ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരരെ റാണ പ്രശംസിച്ചത്. അവര്‍ക്ക് പാകിസ്ഥാന്റെ പരമോന്നത ധീരതാ ബഹുമതി നല്‍കണമെന്നും ഹെഡ്‌ലിയോട് നിര്‍ദേശിച്ചു.
ആറ് അമേരിക്കന്‍ പൗരന്മാര്‍ അടക്കം നിരവധി നിരപരാധികളായ മനുഷ്യര്‍ കൊല്ലപ്പെട്ട ഹീനമായ ആക്രമണത്തില്‍ ഇരകളായവര്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ നിര്‍ണായക നടപടിയാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറിയതെന്നും യു എസ് നീതിന്യായ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകരന്മാരിലൊരാളായ, പാകിസ്ഥാന്‍ വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ ഹുസൈന്‍ റാണയെ ബുധനാഴ്ചയാണ് അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയത്.
മുംബൈയെ നടുക്കിയ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് തഹാവൂര്‍ റാണയ്‌ക്കെതിരെ 10 ക്രിമിനല്‍ കേസുകളാണ് എടുത്തിട്ടുള്ളത്. വ്യാഴാഴ്ച രാത്രി ഡല്‍ഹി പട്യാല കോടതിയില്‍ ഹാജരാക്കിയ തഹാവൂര്‍ ഹുസൈന്‍ റാണയെ 18 ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ കോടതി വിട്ടു നല്‍കിയിരിക്കുകയാണ്. അതീവ സുരക്ഷാ സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്ന തഹാവൂര്‍ ഹുസൈന്‍ റാണെയെ 12 എന്‍ഐഎ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക