Supreme Court : ബില്ലുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം; രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

രാഷ്ട്രപതിയുടെ തീരുമാനം വൈകിയാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അധികാരം സ്ഥാനങ്ങള്‍ക്ക് ഉണ്ടെന്നും സുപ്രീംകോടതി
supreme court
സുപ്രീംകോടതിഫയല്‍
Updated on

ന്യൂഡല്‍ഹി: നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അയച്ചാല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ അതില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. തീരുമാനം വൈകിയാല്‍ അതിനുള്ള കാരണം സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇതാദ്യമായാണ് നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്ക് കോടതി സമയ പരിധി നിശ്ചയിക്കുന്നത്. ഗവര്‍ണര്‍മാര്‍ അയയ്ക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഭരണഘടനയുടെ 201ാം അനുച്ഛേദത്തിലാണ് വിശദീകരിക്കുന്നത്. എന്നാല്‍ സമയപരിധിയെക്കുറിച്ച് പറയുന്നില്ല. കൃത്യമായ സമയത്തിനുള്ളില്‍ ഒരു ഭരണഘടന അതോറിറ്റി തീരുമാനം എടുത്തില്ലെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാം എന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം എടുക്കാതെ പിടിച്ചു വെക്കുകയും പിന്നീട് രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്ത തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നടപടി ഭരണഘടന വിരുദ്ധമാണൈന്നുള്ള വിധിയിലാണ് സുപ്രീംകോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. വിധിയുടെ പകര്‍പ്പ് എല്ലാ ഗവര്‍ണര്‍മാരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും ഹൈക്കോടതികള്‍ക്കും അയച്ചു കൊടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com