ബംഗാളിലെ വഖഫ് സംഘര്‍ഷം: കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കണം.
bengal clash
ബംഗാളിലെ സംഘര്‍ഷം
Updated on

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തെച്ചൊല്ലി പശ്ചിമ ബംഗാളില്‍ ഉണ്ടായ അക്രമങ്ങളില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍. അഭിഭാഷകരായ ശശാങ്ക് ശേഖര്‍ ഝാ, വിശാല്‍ തിവാരി എന്നിവരാണ് പൊതുതാല്‍പ്പര്യ ഹര്‍ജികളുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. ആദ്യം സംഘര്‍ഷമുണ്ടായ മൂര്‍ഷിദാബാദില്‍ സ്ഥിതി ശാന്തമായെന്ന് പൊലീസ് അവകാശപ്പെടുമ്പോഴാണ്, കഴിഞ്ഞദിവസം സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗര്‍ പ്രദേശത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

അക്രമ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കണമെന്ന് ശശാങ്ക് ശേഖര്‍ ഝാ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്നാണ് അഭിഭാഷകന്‍ വിശാല്‍ തിവാരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കണം.

അക്രമത്തെക്കുറിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ആദ്യം സംഘര്‍ഷമുണ്ടായ മുര്‍ഷിദാബാദ് ജില്ലയില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വഖഫ് നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ മുര്‍ഷിദാബാദ് ജില്ലയിലെ സുതി, സംസര്‍ഗഞ്ച്, ധുലിയന്‍, ജംഗിപൂര്‍ എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com