ഭീകരവാദ കേസുകളിലെ ദീര്‍ഘകാല വിചാരണത്തടവ് ജാമ്യത്തിന് കാരണമല്ല: ഡല്‍ഹി ഹൈക്കോടതി

ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരുടെ ബെഞ്ച് ജാമ്യം നിഷേധിച്ചുകൊണ്ടാണ് പരാമര്‍ശം നടത്തിയത്.
Delhi High Court
ഡല്‍ഹി ഹൈക്കോടതിfile
Updated on

ന്യൂഡല്‍ഹി: ഭീകരവാദ കേസുകളില്‍ ജാമ്യം അനുവദിക്കുന്നതിന് വിചാരണത്തടവുകാരന്റെ ദീര്‍ഘകാല തടവ് ഒരു കാരണമായിരിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ലഷ്‌കര്‍-ഇ-ത്വയ്ബ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദ് ഉള്‍പ്പെട്ട ഭീകരവാദ ഫണ്ടിങ് കേസില്‍ വിഘടനവാദി നേതാവ് നയീം അഹമ്മദ് ഖാന്റെ ജാമ്യം പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരുടെ ബെഞ്ച് ജാമ്യം നിഷേധിച്ചുകൊണ്ടാണ് പരാമര്‍ശം നടത്തിയത്.

ജാമ്യാപേക്ഷ നിരസിച്ച വിചാരണക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ അടുത്ത കാലത്തൊന്നും അവസാനിക്കാന്‍ സാധ്യതയില്ലെന്നും വിചാരണത്തടവ് സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നതിനാല്‍ ജാമ്യം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. വിചാരണത്തടവുകാരന്റെ അവകാശം പരമപ്രധാനമാണ്. രാജ്യവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കല്‍ എന്നീ കേസുകളില്‍ ദീര്‍ഘ കാല തടവ് ഒരു പ്രതിയെ ജാമ്യത്തില്‍ വിടുന്നതിന് പര്യാപ്തമല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.ജാമ്യം നല്‍കിയാല്‍ പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. സാക്ഷി മൊഴികള്‍, പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ എന്നിവ പരിശോധിച്ച ശേഷമാണ് ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ്. ഐഎസ്‌ഐഎസ് അനുകൂല റാലിക്ക് നേതൃത്വം നല്‍കിയ ആളാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യാ വിരുദ്ധ പ്രകടനങ്ങളും ദേശവിരുദ്ധ പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും നടത്താനും നിര്‍ദേശം നല്‍കിയ ഹുറിയത്ത് യോഗങ്ങളില്‍ പങ്കെടുത്തതിന് തെളിവുകളുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല വിചാരണയില്‍ കാലതാമസമില്ലെന്നും കോടതി വ്യക്തമാക്കി. വിചാരണ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് പ്രോസിക്യൂഷനെന്നും കോടതി പറഞ്ഞു.

ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് നയീം അഹമ്മദ് ഖാന്‍ 2017 ജൂലൈ 24നാണ് അറസ്റ്റിലായത്. പൊതുജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നുമാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ജമ്മുകശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തുന്നതിനായി ഗൂഢാലോചന നടത്തിയെന്നും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവര്‍ത്തിച്ചുവെന്നുമാണ് എന്‍ഐഎ കണ്ടെത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com