നടപടികളെല്ലാം 336 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം; ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് സമയപരിധി നിശ്ചയിച്ചു

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആഴ്ചതോറും ഭൂമി കൈമാറ്റ പ്രക്രിയ നിരീക്ഷിക്കണം
 National Highways Authority of India
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് സമയപരിധി നിശ്ചയിച്ചുഫയൽ
Updated on

ന്യൂഡല്‍ഹി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാലതാമസവും അധിക സാമ്പത്തിക ബാധ്യതകളും ലഘൂകരിക്കുന്നതിനായി, ഭൂമി ഏറ്റെടുക്കല്‍ സുഗമമാക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സമയപരിധി നിശ്ചയിച്ചു. കരട് വിജ്ഞാപനം പുറപ്പെടുവിക്കുക, അത് ബന്ധപ്പെട്ട ലാന്‍ഡ് അക്വിസിഷന്‍ അതോറിറ്റിക്ക് (CALA) സമര്‍പ്പിക്കുക, കൈവശം വയ്ക്കല്‍, പരിവര്‍ത്തനം ചെയ്യല്‍ എന്നിവയ്‌ക്കെല്ലാം വ്യവസ്ഥകള്‍ കൊണ്ടുവന്നിട്ടുണ്ട്.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആഴ്ചതോറും ഭൂമി കൈമാറ്റ പ്രക്രിയ നിരീക്ഷിക്കണം. ഭൂമി ഏറ്റെടുക്കല്‍ നോട്ടീസില്‍ എതിര്‍പ്പുള്ള ഭൂവുടമകള്‍ക്ക്, ആവശ്യമായ നടപടികള്‍ക്കായി 21 ദിവസത്തെ സമയം അനുവദിക്കുക എന്നതു കൂടി കണക്കിലെടുത്താണ് ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്. 1956 ലെ നാഷണല്‍ ഹൈവേ ആക്ട് പ്രകാരം NHAI ഭൂമി ഏറ്റെടുക്കാവുന്നതാണ്. പത്രങ്ങളില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 21 ദിവസത്തെ കാലയളവ് എതിര്‍പ്പുകള്‍ സമര്‍പ്പിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്.

സമയപരിധി പാലിക്കാത്തതിനാല്‍ ദേശീയപാത പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ വൈകുകയും അതുവഴി ചെലവ് വലിയ തോതില്‍ വര്‍ധിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് വിഷയം ചര്‍ച്ച ചെയ്യുകയും ഭൂമി ഏറ്റെടുക്കലില്‍ സമയപരിധി നിബന്ധന നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. നിശ്ചിത സമയത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കാന്‍ സാധിക്കാത്തതിനാല്‍, നിരവധി പദ്ധതികള്‍ വളരെക്കാലമായി മുടങ്ങിക്കിടക്കുന്നു.

ലാന്‍ഡ് അക്വിസിഷന്‍ കോംപറ്റീറ്റീവ് അതോറിറ്റിക്ക ഡ്രാഫ്റ്റ് സമര്‍പ്പിക്കല്‍, കരട് 3 ഡി പ്രൊപ്പോസല്‍ 'ഭൂമി രാശി' പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യല്‍, ഗസറ്റ് പ്രസിദ്ധീകരിക്കല്‍, അവകാശം ഉറപ്പാക്കല്‍, നഷ്ടപരിഹാര വിതരണം, പരിവര്‍ത്തനം ചെയ്യല്‍ എന്നിവയ്‌ക്കെല്ലാം സമയപരിധി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നടപടികളെല്ലാം 336 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് നിബന്ധന.

ഹൈവേ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിനായി ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങള്‍ ഓണ്‍ലൈനായി ചെയ്യുന്നതിനാണ് ഭൂമി രാശി പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തത്. ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആഴ്ചതോറും പ്രോജക്ട് ഡയറക്ടര്‍ (പിഡി) ഉം, പ്രവര്‍ത്തന പുരോഗതി രണ്ടാഴ്ചയിലൊരിക്കല്‍ റീജിയണല്‍ ഓഫീസര്‍ (ആര്‍ഒ) ഉം നിരീക്ഷിക്കണം. എന്തെങ്കിലും പ്രശ്‌നങ്ങളോ പോരായ്മകളോ ഉണ്ടെങ്കില്‍ NHAI ആസ്ഥാനത്തെ ബന്ധപ്പെട്ട ചീഫ് ജനറല്‍ മാനേജരെ (ടെക്‌നിക്കല്‍) ഉടന്‍ അറിയിക്കണം എന്നും ദേശീയപാത അതോറിറ്റി പുറപ്പെടുവിച്ച സമയപരിധി സര്‍ക്കുലറില്‍ പറയുന്നു.

ഹൈവേകള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, നാഷണല്‍ ഹൈവേസ് & ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (NHIDCL), സംസ്ഥാനങ്ങളിലെ പൊതുമരാമത്ത് വകുപ്പുകള്‍ (PWDs) എന്നിവയിലെ ജീവനക്കാര്‍ക്ക് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പരിശീലനം നല്‍കി വരുന്നുണ്ട്. സമയപരിധി നടപ്പിലാകുന്നതോടെ, ദേശീയപാത വികസനത്തിന് ആവശ്യമായ ഭൂമി കൃത്യസമയത്ത് കൈവശപ്പെടുത്താന്‍ കഴിയുകയും, അതുവഴി പദ്ധതിയിലെ കാലതാമസം ഒഴിവാക്കാനാകുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com