
ന്യൂഡല്‍ഹി: വഖഫ് (ഭേദഗതി) നിയമം ചോദ്യം ചെയ്തുകൊണ്ട് മുന്നിലെത്തിയ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനോട് കടുത്ത ചോദ്യങ്ങളുമായി സുപ്രിംകോടതി. 'നിങ്ങള്‍ ഭൂതകാലം തിരുത്തരുത്' എന്ന മുന്നറിയിപ്പും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിന് നല്‍കി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് സിങ്വി, രാജീവ് ധവാന്‍ എന്നിവര്‍ ഹാജരായപ്പോള്‍ സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്തയും ഹാജരായി. രൂക്ഷമായ വാദ പ്രതിവാദങ്ങളായിരുന്നു കോടതിയില്‍ നടന്നത്.
കോടതികള്‍ വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീ-നോട്ടിഫൈ ചെയ്യാന്‍ പാടില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ പ്രധാന നിർദേശം നിര്‍ദേശം.വഖഫ്-ബൈ-യൂസര്‍, ആധാരം വഴിയുള്ള വഖഫ് ഏതായാലും ഇതില്‍ മാറ്റം വരരുത് എന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് പുറമെ വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയാണോ എന്നു പരിശോധിക്കുമ്പോള്‍ നിര്‍ദിഷ്ട സ്വത്ത് വഖഫ് ആയി കണക്കാക്കില്ല എന്ന നിയമത്തിലെ വ്യവസ്ഥ പ്രാബല്യത്തില്‍ വരുത്തില്ലെന്നും കോടതി പറഞ്ഞു. വഖഫ് ബോര്‍ഡുകളിലെയും സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലെയും എല്ലാ അംഗങ്ങളും എക്‌സ്-ഒഫീഷ്യോ അംഗങ്ങള്‍ ഒഴികെ മുസ്ലീങ്ങളായിരിക്കണമെന്നും കോടതി വ്യക്തമാക്കി.''
വഖഫ് ബോര്‍ഡില്‍ മുസ്ലീം വിഭാഗത്തിന് പുറത്തുനിന്നുള്ളവരെ ഉള്‍പ്പെടുത്താമെന്ന വ്യവസ്ഥയായിരുന്നു വലിയ വാക്‌പോരിന് ഇടയാക്കിയത്. വഖഫ് നിയമപ്രകാരം ഭരിക്കപ്പെടാന്‍ ആഗ്രഹിക്കാത്ത വലിയൊരു വിഭാഗം മുസ്ലീങ്ങളുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്തയുടെ വാദത്തോട് പ്രതികരിച്ച ചീഫ് ജസ്റ്റിസ് 'ഇനി മുതല്‍ മുസ്ലീങ്ങളെ ഹിന്ദു എന്‍ഡോവ്മെന്റ് ബോര്‍ഡുകളുടെ ഭാഗമാക്കാന്‍ നിങ്ങള്‍ അനുവദിക്കുമോ' എന്ന ചോദ്യമാണ് ഉയര്‍ത്തിയത്. തിരുപ്പതി ക്ഷേത്രത്തിന്റെ ബോര്‍ഡില്‍ ഹിന്ദുക്കള്‍ അല്ലാത്തവര്‍ ഉണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു.
നിയമഭേദഗതി ഭരണഘടനയുടെയും മൗലികാവകാശങ്ങളുടേയും ലംഘനമാണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഒരു വ്യക്തി മുസ്ലീമാണോ അല്ലയോ എന്ന് സംസ്ഥാനത്തിന് എങ്ങനെ തീരുമാനിക്കാന്‍ കഴിയും. വഖഫ് സൃഷ്ടിക്കാന്‍ യോഗ്യനാണോ?. അഞ്ച് വര്‍ഷമായി ഇസ്ലാം ആചരിക്കുന്നവര്‍ക്ക് മാത്രമേ വഖഫ് സൃഷ്ടിക്കാന്‍ കഴിയൂ എന്ന് സര്‍ക്കാരിന് എങ്ങനെ പറയാന്‍ കഴിയും തുടങ്ങിയ ചോദ്യങ്ങള്‍ മുന്നോട്ടുവച്ച കപില്‍ സിബല്‍ നിയമത്തിലൂടെ മതപരമായ സ്വത്തുക്കള്‍ ലഭിക്കാനുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകും എന്നും മുന്നറിയിപ്പ് നല്‍കി. മുസ്ലിം വിഭാഗത്തിന്റെ മതപരവും സാംസ്‌കാരികവുമായ സ്വയംഭരണത്തെ നിയമം അവഗണിക്കുന്നു. വഖഫ് ഭേദഗതി നിയമം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും കപില്‍ സിബല്‍ വാദിച്ചു.
അതേസമയം, വിഷയത്തില്‍ വ്യാഴാഴ്ച വൈകീട്ട് രണ്ട് മണി മുതല്‍ വാദം തുടരും. കേന്ദ്ര സര്‍ക്കാരിന്റ ആവശ്യം അനുസരിച്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ വാദം നാളേയ്ക്ക് കൂടി നീട്ടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക