'അരുതാത്ത നിലയില്‍' മുറിയില്‍ കണ്ടു; ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്ന് ഓടയില്‍ തള്ളി, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ പിടിയില്‍

രവീണയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 34,000 ഉം, യൂട്യൂബില്‍ അയ്യായിരത്തോളും ഫോളോവേഴ്‌സുണ്ടായിരുന്നു
praveen murder
സുരേഷ്, രവീണ എക്സ്
Updated on

ന്യൂഡല്‍ഹി: പ്രണയബന്ധം മനസ്സിലാക്കിയ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഓടയില്‍ തള്ളി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍. കേസില്‍ സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സറായ രവീണ റാവുവും കാമുകന്‍ സുരേഷും (25) അറസ്റ്റിലായി. ഹരിയാണയിലെ ഭിവാനിയില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്ത് സുരേഷുമായി ചേര്‍ന്നാണ് ഭര്‍ത്താവ് പ്രവീണിനെ രവീണ കൊലപ്പെടുത്തിയത്.

2017 ലാണ് പ്രവീണിനെ (35) രേവാഡി ജില്ലയിലെ ജൂഡി സ്വദേശിയായ രവീണ (32) വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ ആറു വയസ്സുള്ള മകനുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രവീണ സുരേഷുമായി സൗഹൃദത്തിലാകുന്നത്. കാമുകനായ സുരേഷും യൂട്യൂബറാണ്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ പരിചയപ്പെടുന്നത്.

യൂട്യൂബ് അക്കൗണ്ടിനായി വീഡിയോകള്‍ ചിത്രീകരിക്കാറുണ്ടായിരുന്ന സുരേഷുമായി ചേര്‍ന്ന് രവീണയും വീഡിയോകള്‍ ചെയ്തു തുടങ്ങി. പ്രവീണ്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നെങ്കിലും ഇരുവരും ഒന്നിച്ച് വീഡിയോ ചെയ്യുന്നത് തുടര്‍ന്നു. രവീണയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 34,000 ഉം, യൂട്യൂബില്‍ അയ്യായിരത്തോളും ഫോളോവേഴ്‌സുണ്ടായിരുന്നു. രവീണയുടെ സോഷ്യല്‍മീഡിയ അഡിക്ഷനെച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ വഴക്ക് നിത്യസംഭവമായിരുന്നു.

മാര്‍ച്ച് 25 ന് പ്രവീണ്‍ വീട്ടിലെത്തിയപ്പോള്‍ രവീണയേയും സുരേഷിനേയും കാണരുതാത്ത നിലയില്‍ കണ്ടു. ഇതോടെ പ്രവീണിന് നിയന്ത്രണം നഷ്ടപ്പെട്ടു. ഇതേച്ചൊല്ലി ഭാര്യയുമായി വഴക്കിട്ടു. പിന്നാലെ രവീണ ദുപ്പട്ട കൊണ്ട് പ്രവീണിന്റെ കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി 12.30 മണിയോടെ സുരേഷിനൊപ്പം പ്രവീണിന്റെ മൃതദേഹം ആറു കിലോമീറ്റര്‍ അകലെ ഡിന്നോദ് റോഡിലെ ഓടയില്‍ കൊണ്ടു തള്ളുകയായിരുന്നു.

28 നാണ് അഴുകിയ നിലയില്‍ പ്രവീണിന്റെ മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്തിയത്. പ്രതികള്‍ ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിരുന്നു. മൂന്നുപേര്‍ ചേര്‍ന്നാണ് ബൈക്കില്‍ പോകുന്നത്. തിരികെ വരുമ്പോള്‍ ബൈക്കില്‍ രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രതികളെ തിരിച്ചറിഞ്ഞതിന് പിന്നാലെ രവീണയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഒളിവിലായിരുന്ന സുരേഷിനെയും പിടികൂടി. ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com