'ഹൃദയഭേദകമായ കാഴ്ച'; കശ്മീരില്‍ നിന്ന് വിനോദസഞ്ചാരികളുടെ പലായനം, ആയിരക്കണക്കിന് പേര്‍ മടങ്ങി

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ നാടുപിടിക്കാന്‍ വിനോദസഞ്ചാരികള്‍ കശ്മീരില്‍ നിന്ന് കൂട്ടത്തോടെ തിരിച്ചുപോകാന്‍ തുടങ്ങി
Tourists flee Kashmir after Pahalgam attack
ശ്രീന​ഗറിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോ​ഗസ്ഥർപിടിഐ
Updated on
2 min read

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ നാടുപിടിക്കാന്‍ വിനോദസഞ്ചാരികള്‍ കശ്മീരില്‍ നിന്ന് കൂട്ടത്തോടെ തിരിച്ചുപോകാന്‍ തുടങ്ങി. സംഭവത്തിന് പിന്നാലെ ഭയചകിതരായ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് കൂട്ടത്തോടെ കശ്മീരില്‍ നിന്ന് മടങ്ങിപ്പോകുന്നത്. അതിഥികള്‍ കൂട്ടത്തോടെ മടങ്ങിപ്പോകുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. വിനോദസഞ്ചാരികളെ അവരുടെ സ്വന്തം നാടുകളിലേക്ക് സുരക്ഷിതമായി തിരികെ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്.

'ഇന്നലെ പഹല്‍ഗാമില്‍ നടന്ന ദാരുണമായ ഭീകരാക്രമണത്തിന് ശേഷം താഴ്വരയില്‍ നിന്ന് അതിഥികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത് കാണുന്നത് ഹൃദയഭേദകമാണ്. എന്നാല്‍ ആളുകള്‍ എന്തിനാണ് തിരികെ പോകാന്‍ ആഗ്രഹിക്കുന്നതെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കും'- ഒമര്‍ അബ്ദുള്ള പറഞ്ഞു.

'ഡിജിസിഎയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും അധിക വിമാന സര്‍വീസുകള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതിനിടെ വിനോദസഞ്ചാരികള്‍ മടങ്ങിപ്പോകുന്നത് സുഗമമാക്കാന്‍ ശ്രീനഗറിനും ജമ്മുവിനും ഇടയിലുള്ള എന്‍എച്ച് -44 ഒരു ദിശയിലേക്ക് ഗതാഗതത്തിനായി തുറന്നിട്ടിരിക്കുകയാണ്. ടൂറിസ്റ്റ് വാഹനങ്ങള്‍ സുഗമമായി കടന്നുപോകുന്നതിന് ശ്രീനഗറിനും ജമ്മുവിനും ഇടയിലുള്ള ഗതാഗതം സുഗമമാക്കാന്‍ ഞാന്‍ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.'- ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു.

'റോഡ് ഇപ്പോഴും ചില സ്ഥലങ്ങളില്‍ അസ്ഥിരമായതിനാല്‍ നിയന്ത്രിതവും സംഘടിതവുമായ രീതിയിലാണ് ഗതാഗത സംവിധാനം ഒരുക്കിയിരിക്കുന്നത്. കൂടാതെ കുടുങ്ങിക്കിടക്കുന്ന എല്ലാ വാഹനങ്ങളും നീക്കം ചെയ്യാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു.ഇപ്പോള്‍ വാഹനങ്ങളുടെ പൂര്‍ണ്ണമായ സ്വതന്ത്രമായ സഞ്ചാരം അനുവദിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല, എല്ലാവരും ഞങ്ങളുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാം ഭീകരാക്രമണം നടന്ന് ഒരു ദിവസത്തിന് ശേഷം മിക്ക വിനോദസഞ്ചാരികളും ഭയം കാരണം താഴ്വര വിടുകയാണെന്ന് ടൂറിസ്റ്റ് ഓപ്പേററ്റര്‍മാര്‍ പറഞ്ഞു.'കശ്മീരില്‍ വിനോദസഞ്ചാരികള്‍ സുരക്ഷിതരാണെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ ഇത്തരമൊരു സംഭവം ഇവിടെ സംഭവിച്ചതിനാല്‍ അവര്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാനാവില്ല. യാത്ര റദ്ദാക്കലുകള്‍ വളരെ വലുതാണ്, ഏകദേശം 80 ശതമാനം വരും' -ശ്രീനഗറില്‍ നിന്നുള്ള ഒരു ട്രാവല്‍ ഓപ്പറേറ്ററായ ഐജാസ് അലി പറഞ്ഞു.

അടുത്ത ഒരു മാസത്തേക്കുള്ള പാക്കേജുകള്‍ പോലും റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചെയ്ത എല്ലാ നല്ല കാര്യങ്ങളും ഒഴുകിപ്പോയി. കശ്മീരിലേക്ക് വിനോദസഞ്ചാരികളെ തിരികെ കൊണ്ടുവരാന്‍ വളരെയധികം ബോധ്യപ്പെടുത്തലുകള്‍ ആവശ്യമാണെന്നും ഐജാസ് അലി കൂട്ടിച്ചേര്‍ത്തു. സ്ഥിതിഗതികള്‍ പഴയപോലെയായാല്‍ പഹല്‍ഗാമില്‍ നാളെ തന്നെ പോകാന്‍ ആഗ്രഹമുണ്ടെന്നാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു വനിതാ വിനോദസഞ്ചാരി പറയുന്നത്.

ശ്രീനഗര്‍ റൂട്ടില്‍ വിമാന ടിക്കറ്റ് നിരക്കുകളില്‍ വര്‍ധന ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു. കൂടാതെ വിമാനക്കമ്പനികള്‍ നഗരത്തിലേക്ക് അധിക സര്‍വീസുകള്‍ നടത്തും.

എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ബുധനാഴ്ച ശ്രീനഗറില്‍ നിന്ന് ദേശീയ തലസ്ഥാനത്തേക്കും മുംബൈയിലേക്കും മൊത്തം നാല് അധിക വിമാന സര്‍വീസുകള്‍ നടത്തും. ടിക്കറ്റ് റീഷെഡ്യൂളിനും കാന്‍സലേഷനും ഈടാക്കുന്ന നിരക്ക് ഒഴിവാക്കാന്‍ വിമാനക്കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ വിമാനക്കമ്പനികളെയും വിളിച്ചുചേര്‍ത്ത് നടത്തിയ അടിയന്തര യോഗത്തില്‍ ശ്രീനഗര്‍ റൂട്ടില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ റാംമോഹന്‍ നായിഡു നിര്‍ദേശം നല്‍കി. ഈ നിര്‍ണായക സമയത്ത് ഒരു യാത്രക്കാരനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിമാനക്കമ്പനികള്‍ പതിവ് നിരക്ക് തന്നെയാണ് ഈടാക്കുന്നത് എന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയില്‍ മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com