

ശ്രീനഗർ: 'അവൻ സ്വന്തം ജീവൻ അതിഥികൾക്കു വേണ്ടി ബലി അർപ്പിക്കുകയായിരുന്നു. അവനെ ഓർത്ത് അഭിമാനിക്കുന്നു'- മകനെ നഷ്ടപ്പെട്ടതിന്റെ കടുത്ത ദുഃഖത്തിനിടയിലും ആ പിതാവ് പറഞ്ഞു.
പഹൽഗാമിൽ ഭീകരരുടെ വെടിവയ്പ്പിൽ നിന്നു വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരനും കുതിരസവാരിക്കാരനുമായ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ വെടിയേറ്റ് മരിച്ചിരുന്നു. മകന്റെ ജീവത്യാഗത്തിൽ അഭിമാനിക്കുന്നതായി അദ്ദേഹത്തിന്റെ പിതാവ് സയ്യിദ് ഹൈദർ ഷാ പ്രതികരിച്ചു. ഭീകരരുടെ വെടിയുണ്ടകളില്‍ നിന്ന് രക്ഷപ്പെടാന്‍ വിനോദസഞ്ചാരികള്‍ ചിതറിയോടിയപ്പോള്‍ ഭീകരരില്‍ ഒരാളില്‍ നിന്ന് റൈഫിള്‍ തട്ടിപ്പറിച്ചെടുത്ത് തന്റെ ഒപ്പം സവാരിക്ക് വന്നവരെ രക്ഷപ്പെടുത്താന്‍ ആദില്‍ പൊരുതിയിരുന്നു. അതിനിടെയാണ് 28കാരൻ ഭീകരരുടെ വെടിയേറ്റ് മരിച്ചത്.
'വിനോദ സഞ്ചാരികളെ രക്ഷിക്കാൻ അവൻ ചെയ്ത ജീവത്യഗമാണ് ഇന്നന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അവന്റെ മരണം എനിക്കു ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഞാനും ജീവിതം അവസാനിപ്പിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ അവൻ കാണിച്ച ധൈര്യം ജീവിക്കാനുള്ള ശക്തി തന്നു.'
മാതാപിതാക്കളും രണ്ട് സഹോദരൻമാരും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബമാണ് ആദിലിന്റേത്. ആദിലിന്റെ വിയോഗം കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് ഇല്ലാതാക്കിയത്.
'സംഭവ ദിവസം രാവിലെയാണ് അവനെ അവസാനമായി കണ്ടത്. ഉച്ച കഴിഞ്ഞ 3 മണിയോടെ ബൈസാരനിൽ വിനോദ സഞ്ചാരികൾ ആക്രമിക്കപ്പെട്ടതായി വിവരം കിട്ടി. അപ്പോൾ ഞങ്ങൾ അവനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്യുച്ച് ഓഫ് ആയിരുന്നു. വൈകീട്ട് 4.30നു വീണ്ടും വിളിച്ചു. ഫോൺ റിങ് ചെയ്തെങ്കിലും ആരും എടുത്തില്ല.'
'വൈകീട്ട് ആറ് മണിക്കു ശേഷമാണ് അവൻ മരിച്ച വിവരം ഞങ്ങൾ അറിഞ്ഞത്. എന്റെ മറ്റൊരു മകനും കസിനും ആശുപത്രിയിൽ പോയി അന്വേഷിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്.'
'ഈ ക്രൂരകൃത്യം ചെയ്തവരെ വെറുതെ വിടരുത്. മകൻ ഉൾപ്പെടെയുള്ള മരിച്ചവർക്കെല്ലാം നീതി ലഭ്യമാക്കണം'- ആ പിതാവ് വ്യക്തമാക്കി.
ആദിൽ നല്ല മനുഷ്യനായിരുന്നുവെന്നു അദ്ദേഹത്തിന്റെ സഹോദരി അസ്മതും പ്രതികരിച്ചു. കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് തീവ്രവാദികൾ തട്ടിയെടുത്തത്. കുടുംബത്തിന്റെ ഭാവി തന്നെ ഇരുളടഞ്ഞ അവസ്ഥയിലായെന്നും അസ്മത് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
