വയനാടില്ല, വിഴിഞ്ഞമില്ല; കേരളത്തെ പാടേ തഴഞ്ഞു, നിര്‍മലയുടെ ബജറ്റ് 'ബിഹാര്‍ മയം'

മഖാന ബോര്‍ഡ്, പ്രത്യേക കനാല്‍ പദ്ധതി, ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്, പട്ന ഐഐടിയുടെ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തല്‍ തുടങ്ങി നിരവധി പദ്ധതികളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Nirmala Sitharaman outside the Finance Ministry ahead of the presentation of the  Union Budget
നിര്‍മല സീതാരാമന്‍പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിനായി കേന്ദ്ര ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങള്‍. മഖാന ബോര്‍ഡ്, പ്രത്യേക കനാല്‍ പദ്ധതി, ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്, പട്ന ഐഐടിയുടെ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തല്‍ തുടങ്ങി നിരവധി പദ്ധതികളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ദേശീയ ജനാധിപത്യ സഖ്യം ഭരിക്കുന്ന ബിഹാറില്‍ ഈ വര്‍ഷം അവസാനത്തോടെയാകും തെരഞ്ഞെടുപ്പ് നടക്കുക. പട്‌ന വിമാനത്താവളം നവീകരിക്കല്‍. പുതിയ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്, പുതിയ ഫുഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, എന്റര്‍പ്രണര്‍ഷിപ്പ ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംസ്ഥാനത്ത് സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനത്തില്‍ പറയുന്നു.

മിതിലാഞ്ചല്‍ മേഖലയിലെ അരലക്ഷം ഹെക്ടര്‍ ഭൂമിക്ക് പ്രയോജനം ചെയ്യാനായി വെസ്റ്റേണ്‍ കോസി കനാല്‍ പദ്ധതിക്കായി പ്രത്യേക സാമ്പത്തിക സഹായം നല്‍കുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. അഞ്ച് ഐഐടികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്നും ബജറ്റില്‍ പറയുന്നു. ബിഹാറിനായി നിരവധി പ്രഖ്യാപനങ്ങളുള്ള ബജറ്റിനെ എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്‍ അഭിനന്ദിച്ചു. ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ് സ്ഥാപിക്കല്‍ തുടങ്ങിയവ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്ന് പാസ്വാന്‍ പറഞ്ഞു.

ബിഹാറില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കാനുള്ള തീരുമാനത്തെ ജെഡിയു നേതാക്കള്‍ സ്വാഗതം ചെയ്തു. ഇത് കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പുതിയ അവസരങ്ങള്‍ തുറക്കുമെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ഝാ പറഞ്ഞു. ഈ സംരംഭം ഉല്‍പാദനം, സംസ്‌കരണം, മൂല്യവര്‍ധനവ്, വിപണനം എന്നിവ വര്‍ദ്ധിപ്പിക്കുകയും മിഥിലയിലും ബിഹാറിലും സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യുമെന്നും സഞ്ജയ് ഝാ പറഞ്ഞു.

ബിഹാറിന് വാരിക്കോരി നല്‍കിയപ്പോള്‍ ഇത്തവണയും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ തഴഞ്ഞു. കേരളം കേന്ദ്ര ബജറ്റില്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന് 2,000 കോടിയുടെ പാക്കേജും രാജ്യത്തിന്റെ അഭിമാന പദ്ധതി എന്ന നിലയില്‍ വിഴിഞ്ഞം തുറമുഖത്തിന് 5,000 കോടിയും ചോദിച്ചിരുന്നു. വായ്പ പരിധി പ്രവാസി സംരക്ഷണ പദ്ധതികള്‍ക്കായി 300 കോടിയും റബര്‍ താങ്ങുവില 250 രൂപയായി നിലനിര്‍ത്തുന്നതിന് 1,000 കോടിയും ചോദിച്ചിരുന്നെങ്കിലും ബജറ്റില്‍ കേരളത്തിനായി യാതൊരു പ്രഖ്യാപനവും ഇല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com