
ന്യൂഡല്‍ഹി: ആദായനികുതി ഇളവ് ഉള്‍പ്പെടെ പ്രഖ്യാപിച്ച ഇത്തവണത്തെ കേന്ദ്രബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ മധ്യവര്‍ഗക്കാരെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ കേന്ദ്രബജറ്റ് ചരിത്രമാണെന്ന് ഡല്‍ഹി ആര്‍ കെ പുരത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പറഞ്ഞു.
നെഹ്റുവിന്റെ കാലത്ത് ആര്‍ക്കെങ്കിലും 12 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്നെങ്കില്‍ അതിന്റെ നാലിലൊന്ന് നികുതിയായി പോയിരുന്നു. ഇപ്പോള്‍ ഇന്ദിരാഗാന്ധിയുടെ സര്‍ക്കാരായിരുന്നെങ്കില്‍ നിങ്ങളുടെ 12 ലക്ഷത്തില്‍ 10 ലക്ഷവും നികുതിയായി സര്‍ക്കാരിന് നല്‍കേണ്ടിവരുമായിരുന്നു. 10-12 വര്‍ഷം മുമ്പുവരെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നിങ്ങള്‍ 12 ലക്ഷം സമ്പാദിച്ചാല്‍ 2.60 ലക്ഷം രൂപ നികുതിയായി നല്‍കണമായിരുന്നു.
വര്‍ഷത്തില്‍ 12 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന ആരും ഒരുരൂപ പോലും നികുതിയായി നല്‍കേണ്ടതില്ലെന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് 12 ലക്ഷം രൂപ വരെ സമ്പാദിക്കുന്നവര്‍ക്ക് ഇത്രയും വലിയ ആശ്വാസം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ വികസനത്തില്‍ മധ്യവര്‍ഗത്തിന് വലിയ പങ്കുണ്ട്. മധ്യവര്‍ഗക്കാരെ ബഹുമാനിക്കുകയും സത്യസന്ധരായ നികുതിദായകര്‍ക്ക് പാരിതോഷികം നല്‍കുന്നതും ബിജെപി മാത്രമാണ്. കഴിഞ്ഞ ദിവസത്തെ ബജറ്റിനെ ഇന്ത്യയിലെ മധ്യവര്‍ഗക്കാര്‍ക്കുള്ള സൗഹാര്‍ദപരമായ ബജറ്റാണെന്നാണ് രാജ്യം മുഴുവന്‍ വിശേഷിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക