
വാഷിങ്ടണ്‍: വ്യാപാരം, പ്രതിരോധം, സാങ്കേതിക വിദ്യ, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങി ഡോണള്‍ഡ് ട്രംപ്- മോദി കൂടിക്കാഴ്ചയില്‍ വിഷയമായത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി വിഷയങ്ങള്‍. കൂടിക്കാഴ്ച ഇന്ത്യ - യുഎസ്എ സൗഹൃദത്തിന് ഗണ്യമായ ആക്കം കൂട്ടുമെന്ന് മോദി എക്‌സില്‍ കുറിച്ചു.
500 ബില്യൻ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം
2030 ആകുമ്പോഴേക്കും ഇന്ത്യ - യുഎസ് വ്യാപാരം ഇരട്ടിപ്പിച്ച് 500 ബില്യന്‍ ഡോളറില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുഎസില്‍ നിന്ന് കൂടുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വാങ്ങും. ഇന്ത്യ - യുഎസ് പുരോഗതിക്കു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരുനേതാക്കളും പറഞ്ഞു. ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ യുഎസുമായി എണ്ണ, വാതക വ്യാപാരം ശക്തമാക്കും. ആണവോർജ മേഖലയിലും സഹകരണം വിപുലമാക്കാനാണു തീരുമാനം.
അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കും
അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചാല്‍ ഇന്ത്യ സ്വീകരിക്കും. അനധികൃത കുടിയേറ്റം തടയാന്‍ നടപടി സ്വീകരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. കുടിയേറ്റ വിഷയത്തില്‍ അനധികൃതമായി അമേരിക്കയിലേയ്ക്ക് ഇന്ത്യക്കാരെ എത്തിക്കുന്ന ഇടനിലക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മോദി ട്രംപിനോട് അഭ്യര്‍ഥിച്ചു.
തഹാവൂര്‍ റാണയെ കൈമാറും
മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍മാരില്‍ ഒരാളായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാനും തീരുമാനമായി. ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതില്‍ താങ്കളോട് നന്ദിയുണ്ട്. തഹാവൂര്‍ റാണയ്‌ക്കെതിരെ ഇന്ത്യ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.
എഫ്-35 യുദ്ധവിമാനങ്ങള്‍
ഇന്ത്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ നല്‍കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഈ കരാറോടെ, നാറ്റോ സഖ്യകക്ഷികളായ ഇസ്രായേല്‍, ജപ്പാന്‍ എന്നിവയുള്‍പ്പെടെ എഫ്-35 വാങ്ങാന്‍ അനുവദിക്കുന്ന രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ ഇന്ത്യയും ചേരും.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും യുക്രെയ്ന്‍ - റഷ്യ യുദ്ധവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനിസ് കടന്നുകയറ്റം തനിക്ക് മനസിലാക്കാന്‍ കഴിയും. അത് അധര്‍മമാണ്. ഈ വിഷയത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് ട്രംപ് പറഞ്ഞു
റഷ്യ-യുക്രെയ്ന്‍ യുദ്ധം
റഷ്യ-യുക്രെയ്ന്‍ യുദ്ധം പരിഹരിക്കുന്നതിന് യുഎസ് പ്രസിഡന്റ് ട്രംപ് നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സംഘര്‍ഷം ചര്‍ച്ചയിലുടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് മോദി ആവര്‍ത്തിച്ചു. 'റഷ്യയുമായും യുക്രെയ്‌നുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. ഇരു രാജ്യങ്ങളിലെയും നേതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ത്യ നിഷ്പക്ഷമാണെന്നാണ് പലരുടെയും തെറ്റിദ്ധാരണ്, ഇന്ത്യ നിഷ്പക്ഷമല്ലെന്നം സമാധാനത്തിന്റെ പക്ഷത്താണെന്നും മോദി സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാഗ+മിഗ=മെഗാ
ഇന്ത്യ–യുഎസ് ഉഭയകക്ഷി ബന്ധത്തില്‍ പുതിയ ‘സൂത്രവാക്യം’ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മാഗ+മിഗ=മെഗാ’ എന്ന സൂത്രവാക്യമാണ് മോദി അവതരിപ്പിച്ചത്. ട്രംപിന്റെയും മോദിയുടെയും പ്രചാരണ മുദ്രാവാക്യങ്ങൾ ചേർത്താണു ഉഭയകക്ഷി ബന്ധത്തിനു പുതുമ ചാർത്തിയത്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ, ഈ മാഗയും മിഗയും സമൃദ്ധിക്കായുള്ള ‘മെഗാ’ പങ്കാളിത്തമായി മാറും’’
ക്വാഡ് ഉച്ചകോടി
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടി പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ മോദി ക്ഷണിച്ചു. ജനാധിപത്യ മൂല്യങ്ങള്‍, പരമാധികാരം, നിയമവ്യവസ്ഥ തുടങ്ങിയവ സംരക്ഷിക്കപ്പെടുന്നതും സ്വതന്ത്രവുമായ ഇന്തോ-പസിഫിക് മേഖലയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. 2025 ൽ പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ, സഹകരണവും നയതന്ത്ര കൂടിയാലോചനകളും ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തീരുമാനിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക