ട്രംപും മോദിയുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ
ട്രംപും മോദിയുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ പിടിഐ

ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി, തഹാവൂര്‍ റാണയെ കൈമാറും: മോദി- ട്രംപ് കൂടിക്കാഴ്ച

എഫ് 35 അടക്കമുള്ള വിമാനങ്ങള്‍ ഇന്ത്യയ്ക്കു നല്‍കും. ഇന്ത്യയും യുഎസും തമ്മില്‍ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
Published on

വാഷിങ്ടണ്‍: ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ പ്രസ്താവനയിലാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്നും സൈനികവ്യാപാരം വര്‍ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

എഫ് 35 അടക്കമുള്ള വിമാനങ്ങള്‍ ഇന്ത്യയ്ക്കു നല്‍കും. ഇന്ത്യയും യുഎസും തമ്മില്‍ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. കൂടാതെ മോദിയുടെ പ്രവര്‍ത്തനങ്ങളെയും ട്രംപ് അഭിനന്ദിച്ചു. താനും മോദിയും ഉറ്റ സുഹൃത്തുക്കളാണെന്നും കഴിഞ്ഞ നാലു വര്‍ഷവും സൗഹൃദം നിലനിര്‍ത്തിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് പരസ്പര നികുതി (റസിപ്രോക്കല്‍ താരിഫ്) ചുമത്തുമെന്ന പ്രഖ്യാപനത്തില്‍ ഇളവ് നല്‍കാന്‍ ട്രംപ് തയാറായില്ല. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും യുഎസ് അതേ നികുതി ചുമത്തും. വ്യാപാര കാര്യങ്ങളില്‍ സഖ്യരാജ്യങ്ങള്‍ ശത്രുരാജ്യങ്ങളെക്കാള്‍ മോശമാണെന്ന് ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസിലായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും പ്രധാനമന്ത്രി മോദിക്കൊപ്പമുണ്ടായിരുന്നു. ഡോണള്‍ഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com