Qatar Ameer and Narendra Modi
ഖത്തർ അമീറുമായി നരേന്ദ്രമോദി ചർച്ച നടത്തുന്നു പിടിഐ

ഇരട്ടനികുതി ഒഴിവാക്കും, വ്യാപാരം, സാങ്കേതിക വിദ്യാ കൈമാറ്റം അടക്കം നിരവധി കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും ഖത്തറും

ഖത്തറില്‍ നിന്ന് ഇന്ത്യ കൂടുതല്‍ പ്രകൃതി വാതകം വാങ്ങാനും ധാരണയായിട്ടുണ്ട്
Published on

ന്യൂഡല്‍ഹി: ഇരട്ട നികുതി ഒഴിവാക്കല്‍, വ്യാപാരം, സാങ്കേതിക വിദ്യാ കൈമാറ്റം തുടങ്ങി നിരവധി കരാറുകളില്‍ ഇന്ത്യയും ഖത്തറും ഒപ്പുവെച്ചു. ഇന്ത്യ- ഖത്തര്‍ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയര്‍ത്താനും, ഇന്ത്യയിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍താനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി. ഡല്‍ഹി ഹൈദരാബാദ് ഹൗസിലായിരുന്നു ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

ഇതു സംബന്ധിച്ച കരാറുകളില്‍ ഇരു നേതാക്കളുടെയും സാന്നിധ്യത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഒപ്പു വച്ചു. തന്ത്രപ്രധാന പങ്കാളിയാക്കുന്നതിന്റെ ഭാഗമായി, വ്യാപാരം, ഊര്‍ജം, നിക്ഷേപം, നവീന സാങ്കേതിക വിദ്യ, ഭക്ഷ്യസുരക്ഷ, സാംസ്‌കാരിക രംഗങ്ങളില്‍ വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.

ഇരട്ട നികുതി ഒഴിവാക്കലിന് പുറമെ, നികുതിയുമായി ബന്ധപ്പെട്ട സാമ്പത്തിക വെട്ടിപ്പ് തടയുന്നതിനുള്ള പുതുക്കിയ കരാറിലും ഖത്തറും ഇന്ത്യയും ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) സ്ഥാപിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണ് ഇരട്ട നികുതി കരാര്‍ ഒഴിവാക്കല്‍. ഖത്തറില്‍ നിന്ന് ഇന്ത്യ കൂടുതല്‍ പ്രകൃതി വാതകം വാങ്ങാനും ധാരണയായിട്ടുണ്ട്.

രാവിലെ ഖത്തർ അമീറിന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരവേൽ‌പ്പ് നല്കി. ഇന്ത്യയിലെയും ഖത്തറിലെയും വ്യവസായികളുമായും അമീർ കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഷെയ്ത് തമീം ബിൻ ഹമദ് അൽ താനി രാത്രി എട്ടരയ്ക്ക് മടങ്ങും. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ഖത്തർ അമീർ ശൈഖ് ഹമീം ബിൻ ഹമദ് അൽതാനി ഇന്ത്യയിലെത്തിയത്. പ്രോട്ടോക്കോൾ മാറ്റിവച്ച് വിമാനത്താവളത്തിൽ നേരിട്ടെത്തി നരേന്ദ്ര മോദി ഖത്തർ അമീറിനെ സ്വീകരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com