ലഖ്‌നനൗ: പ്രയാഗ് രാജിലെ മഹാകുംഭ മേളയില്‍ 62 കോടി ഭക്തര്‍ പങ്കെടുത്തെന്നും ഒരു പ്രത്യേക കാലയളവില്‍ ഇത്രയധികം ആളുകള്‍ ഒത്തുകൂടിയത് നൂറ്റാണ്ടിലെ അപൂര്‍വ സംഭവങ്ങളില്‍ ഒന്നാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 144 വര്‍ഷങ്ങള്‍ക്ക് ഷേഷം എത്തിയ മഹാകുഭമേളയില്‍ ഇത്തവണ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
'ലോകത്തിലെ ഏത് പരിപാടിയായലും, അത് ആത്മീയമോ, വിനോദപരമോ ആകട്ടെ, ഒരു നിശ്ചിത കാലയളവില്‍ ഇത്രയും ആളുകള്‍ ഒരു ചടങ്ങില്‍ ഒത്തുകൂടുന്നത് നൂറ്റാണ്ടിലെ ഏറ്റവും അപൂര്‍വ സംഭവങ്ങളില്‍ ഒന്നാണെന്ന് ഞാന്‍ കരുതുന്നു,' യോഗി ആദിത്യനാഥ് പറഞ്ഞു.
മഹാകുംഭമേള അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ശിവരാത്രി ദിനമായ ഫെബ്രുവരി 26നാണ് അവസാനത്തെ അമൃതസ്‌നാനം. ഈ ദിവസം വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് കരുതുന്നത്. കുംഭമേളയ്ക്കു സമാപനം കുറിക്കുമ്പോള്‍ ജനപങ്കാളിത്തം 65 കോടി കടക്കുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്.
ഫെബ്രുവരി ആദ്യവാരം തന്നെ 40 കോടിയാളുകള്‍ കുംഭമേളയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. ശനിയാഴ്ച മാത്രം ഒരു കോടിക്കു മുകളില്‍ തീര്‍ഥാടകരാണ് എത്തിയത്. ശനിയാഴ്ച രാത്രി എട്ടുമണിയായപ്പോഴേക്കും 1.43 കോടി തീര്‍ഥാടകരാണ് പ്രയാഗ്‌രാജിലേക്കു എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക