
ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നില്ലെന്ന ശശി തരൂര്‍ എംപിയുടെ വാദങ്ങള്‍ തള്ളി എഐസിസി വൃത്തങ്ങള്‍. ശശി തരൂരിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു എന്ന രീതിയിലുമുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാന രഹിതവുമാണെന്നാണ് എഐസിസി നേതാക്കള്‍ നല്‍കുന്ന വിശദീകരണം.
സംഘടനാ തലത്തില്‍ നിന്നും വളര്‍ന്നുവന്ന നേതാവല്ല ശശി തരൂര്‍, അതിനാല്‍ തന്നെ ഒരു വടക്കന്‍ സംസ്ഥാനങ്ങളിലും അദ്ദേഹത്തെ പാര്‍ട്ടിയുടെ ചുമതല ഏല്‍പ്പിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ശക്തി പാര്‍ട്ടി തിരിച്ചറിയുകയും പാര്‍ലമെന്റില്‍ അദ്ദേഹത്തിന് ഉചിതമായ സ്ഥാനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തരൂര്‍ സ്വമേധയാ അഖിലേന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷമാണ് തരൂരിനെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. തരൂര്‍ ഇപ്പോഴും പ്രവര്‍ത്തക സമിതി അംഗമാണ്. 2019-2024 കാലയളവില്‍ ലോക്സഭയിലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ കോണ്‍ഗ്രസിന് ഒരു ചെയര്‍മാന്‍ സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ, തരൂരിനാണ് ആ സ്ഥാനം നല്‍കിയിരുന്നത്. 2019-2024 കാലയളവില്‍ തരൂര്‍ ഐടി മേഖലയിലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഇപ്പോഴും, വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി തരൂരിനെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.
കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരളത്തിലെ പാര്‍ട്ടി തയ്യാറെടുക്കുമ്പോള്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണ് തരൂര്‍ ശ്രമിക്കുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയില്‍ മോദിയെ പുകഴ്ത്തുകയും കേരളത്തില്‍ പിണറായി വിജയനെ പുകഴ്ത്തുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ നിലപാടുകള്‍ കോണ്‍ഗ്രസിന്റെ നില ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണന്നുമാണ് എഐസിസി വൃത്തങ്ങള്‍ വിലയിരുത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക