അഭ്യൂഹങ്ങള്‍ തള്ളി എഎപി, കെജരിവാള്‍ രാജ്യസഭയിലേക്കില്ല; 'വലിയ ഉത്തരവാദിത്തങ്ങളുണ്ട്'

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലെ ലുധിയാന വെസ്റ്റ് നിയമസഭ മണ്ഡലത്തില്‍ നിന്നും നിലവില്‍ രാജ്യസഭാംഗമായ സഞ്ജീവ് അറോറ ജനവിധി തേടുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു അരവിന്ദ് കെജരിവാള്‍ രാജ്യസഭയിലേക്ക് എന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്
Arvind Kejriwal
എഎപി മേധാവി അരവിന്ദ് കെജരിവാള്‍ ഫയല്‍ ചിത്രം
Updated on

ന്യൂഡല്‍ഹി: എഎപി കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ രാജ്യസഭയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാര്‍ട്ടി നേതൃത്വം. കെജരിവാളിന് പാര്‍ട്ടി നേതൃത്വതലത്തില്‍ വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്ന് വ്യക്തമാക്കിയാണ് എഎപി നേതൃത്വം അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുന്നത്.

ആം ആദ്മി പാര്‍ട്ടിയെ ദേശീയ തലത്തില്‍ വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തമുള്ള നേതാവാണ് കെജരിവാളെന്ന് മുതിര്‍ന്ന എഎപി നേതാവ് സോമനാഥ് ഭാരതി പ്രതികരിച്ചു. എഎപി ദേശീയ വക്താവ് പ്രിയങ്ക കക്കാറും സമാനമായ നിലപാടാണ് പങ്കുവച്ചത്. കെജരിവാള്‍ രാജ്യസഭയിലേക്ക് എത്തുന്നു എന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും പ്രിയങ്ക വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. കെജരിവാള്‍ എഎപി കണ്‍വീനറാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എതെങ്കിലും സംസ്ഥാനത്ത് മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്നും എഎപി വക്താവ് ചൂണ്ടിക്കാട്ടി.

കെജരിവാള്‍ രാജ്യസഭയിലേക്ക് എന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ച് ഡല്‍ഹി ബിജെപി ഘടകം ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കെജരിവാളിന് അധികാര ഭ്രമമാണെന്ന നിലയിലായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണങ്ങള്‍.

അടുത്തു തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലെ ലുധിയാന വെസ്റ്റ് നിയമസഭ മണ്ഡലത്തില്‍ നിന്നും നിലവില്‍ രാജ്യസഭാംഗമായ സഞ്ജീവ് അറോറ ജനവിധി തേടുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു അരവിന്ദ് കെജരിവാള്‍ രാജ്യസഭയിലേക്ക് എന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. നിയമസഭയിലേക്ക് അറോറ വിജയിച്ചാല്‍ അദ്ദേഹം രാജ്യസഭാംഗത്വം രാജിവെക്കും. തുടര്‍ന്ന് കെജരിവാളിനെ രാജ്യസഭയിലെത്തിക്കാനാണ് ആലോചനയെന്നുമായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലുധിയാന ഉപതെരഞ്ഞെടുപ്പില്‍ സഞ്ജീവ് അറോറയെ പരാജയപ്പെടുത്തി അരവിന്ദ് കെജരിവാൡന്റെ അധികാര മോഹത്തിന് പഞ്ചാബിലെ ജനങ്ങള്‍ മറുപടി നല്‍കണം എന്നുള്‍പ്പെടെയായിരുന്നു വാര്‍ത്തകളോട് ബിജെപി നേതാക്കള്‍ പ്രതികരിച്ചത്.

ഫെബ്രുവരി 5 ന് ഫലം പുറത്തുവന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു. ബിജെപിയുടെ പര്‍വേശ് സിങ് വര്‍മയോട് മൂവായിരം വോട്ടിനാണ് കെജരിവാള്‍ പരാജയപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com