

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നത് കഠിനമാണെന്നും നിലവിലുള്ള ആറ് വര്‍ഷ കാലാവധി പര്യാപ്തമാണെന്നും കേന്ദ്രം സുപ്രീംകോടതിയില്‍. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നും രാജ്യത്തെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകന്‍ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹർജിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.
അയോഗ്യതാ കാലയളവ് തീരുമാനിക്കുന്നത് പാര്‍ലമെന്റിന്റെ അധികാര പരിധിയിലുള്ളതാണെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. മാത്രമല്ല അയോഗ്യതാ കാലാവധി യുക്തിസഹമായി പരിഗണിച്ച് സഭ തീരുമാനമെടുക്കാറുണ്ടെന്നും കേന്ദ്രം പറഞ്ഞു.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8,9 വകുപ്പുകളെയാണ് ഉപാധ്യായ തന്റെ ഹര്‍ജിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8(1) ാം വകുപ്പ് പ്രകാരം അയോഗ്യതാ കാലാവധി, ശിക്ഷിക്കപ്പെട്ട തീയതി മുതൽ ആറ് വർഷമോ, തടവ് ശിക്ഷ ലഭിച്ചാൽ മോചിതനായ തീയതി മുതൽ ആറ് വർഷമോ ആണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. സെക്ഷന്‍ 9 പ്രകാരം അഴിമതിക്കോ സംസ്ഥാനത്തോടുള്ള വിശ്വാസവഞ്ചനയോ കാരണം പിരിച്ചുവിട്ട പൊതുപ്രവര്‍ത്തകരെ പിരിച്ചു വിടല്‍ തിയതി മുതല്‍ അഞ്ച് വര്‍ഷം അയോഗ്യരാക്കും.
ശിക്ഷകളുടെ ഫലം സമയബന്ധിതമായി പരിമിതപ്പെടുത്തുന്നതില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഹര്‍ജിക്കാരന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങളുണ്ടെന്നും കേന്ദ്രം വാദിച്ചു. സുപ്രീംകോടതിക്ക് നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കാന്‍ മാത്രമേ കഴിയൂ, ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്ന ആജീവനാന്ത വിലക്കില്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്നും കേന്ദ്രം വാദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
