

ന്യൂഡല്‍ഹി: വരുന്ന അധ്യയനവര്‍ഷം മുതല്‍ സിബിഎസ്ഇ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് രണ്ടു പൊതുപരീക്ഷ നിര്‍ദേശിക്കുന്ന കരടു മാര്‍ഗരേഖ സിബിഎസ്ഇ പുറത്തിറക്കി. ഇതനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു തവണയോ രണ്ടുതവണയോ പരീക്ഷ എഴുതാം. രണ്ടു തവണയും പരീക്ഷ എഴുതാന്‍ തീരുമാനിച്ചാലും വീണ്ടും എഴുതാന്‍ ആഗ്രഹിക്കാത്ത വിഷയങ്ങള്‍/ പേപ്പറുകള്‍ എന്നിവ ഒഴിവാക്കാനും സാധിക്കും.
2026 ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 6 വരെ ആദ്യഘട്ടവും മേയ് 5 മുതല്‍ 20 വരെയായി രണ്ടാംഘട്ടവും പരീക്ഷ നടത്തുമെന്ന് കരടു മാര്‍ഗരേഖ വ്യക്തമാക്കുന്നു. രണ്ട് ഘട്ടങ്ങളിലും പരീക്ഷാ കാലയളവ് 16-18 ദിവസമായി ചുരുക്കും. നിലവിലെ 32 ദിവസത്തെ ദൈര്‍ഘ്യത്തിന്റെ പകുതിയായാണ് ചുരുങ്ങുക. ഇതോടെ രണ്ട് പേപ്പറുകള്‍ക്കിടയില്‍ ഒന്നോ രണ്ടോ ദിവസത്തെ ഇടവേള മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂ. നിലവിലുള്ള ഇടവേളകളേക്കാള്‍ വളരെ കുറവാണ്. നിലവില്‍ അഞ്ച് അല്ലെങ്കില്‍ 10 ദിവസം വരെ ഇടവേള ലഭിക്കാറുണ്ട്.
ആദ്യഘട്ട പരീക്ഷയുടെ ഫലം ഏപ്രില്‍ 20നും രണ്ടാംഘട്ട ഫലം ജൂണ്‍ 30നും പ്രഖ്യാപിക്കുമെന്നാണു നിലവിലെ വിവരം. രണ്ടാംഘട്ട പരീക്ഷ എല്ലാവര്‍ക്കും നിര്‍ബന്ധമില്ല. ഫലം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ എഴുതിയാല്‍ മതിയാകും. ആദ്യഘട്ട പരീക്ഷയില്‍ ഒന്നു മുതല്‍ അഞ്ചു വരെ വിഷയങ്ങളില്‍ പരാജയപ്പെടുന്നവര്‍ക്ക് ഇംപ്രൂവ്‌മെന്റ് വിഭാഗത്തില്‍ രണ്ടാംഘട്ട പരീക്ഷയെഴുതാം. ബോര്‍ഡ് പരീക്ഷയില്‍ വിജയിക്കാത്തവര്‍ക്കായി പ്രത്യേകം സപ്ലിമെന്ററി പരീക്ഷകളുണ്ടാകില്ല. രണ്ട് പരീക്ഷകളും എഴുതാന്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവസാന മാര്‍ക്ക്ഷീറ്റില്‍ അവരുടെ മികച്ച സ്‌കോര്‍ ലഭിക്കും.
രണ്ടാംഘട്ടം മാത്രമെഴുതുന്നവര്‍ക്ക് ഇംപ്രൂവ്‌മെന്റിന് അവസരമില്ല. ഇവര്‍ക്ക് അടുത്ത വര്‍ഷത്തെ ആദ്യഘട്ട പരീക്ഷ എഴുതാമെങ്കിലും അക്കൊല്ലത്തെ സിലബസ് മാറ്റങ്ങള്‍ ബാധകമാകും. സ്‌പോര്‍ട്‌സ് വിദ്യാര്‍ഥികള്‍ രണ്ടുഘട്ടങ്ങളിലൊന്ന് എഴുതണം. പ്രത്യേക പരീക്ഷയില്ല.
മാര്‍ച്ച് 9 നകം കരടു മാര്‍ഗരേഖയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് അഭിപ്രായം നല്‍കാം. ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, അത് അവലോകനം ചെയ്ത് അന്തിമമാക്കാന്‍ സാധ്യതയുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി പുതിയ അക്കാദമിക് സെഷന്‍ ആരംഭിക്കുന്നതിന് മുമ്പ് പദ്ധതി അന്തിമമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സിബിഎസ്ഇ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2026 ലെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഈ വര്‍ഷം സെപ്റ്റംബറോടെ പൂര്‍ത്തിയാകും. ആദ്യ പരീക്ഷ എഴുതണോ, രണ്ടും എഴുതണോ, അതോ രണ്ടാമത്തെ പരീക്ഷ മാത്രം എഴുതണോ എന്ന് വിദ്യാര്‍ത്ഥികള്‍ സൂചിപ്പിക്കേണ്ടിവരും.
പുതിയ രീതിയില്‍ പരീക്ഷാദിനങ്ങള്‍ക്കിടയിലെ ഇടവേള കുറവായിരിക്കും. സയന്‍സ്, കണക്ക്, സോഷ്യല്‍ സയന്‍സ്, ഹിന്ദി, ഇംഗ്ലിഷ് എന്നിവയൊഴികെയുള്ള വിഷയങ്ങളെ രണ്ടു ഗ്രൂപ്പുകളായി തിരിക്കും. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളും വിദേശ ഭാഷകളുമാണ് ആദ്യ ഗ്രൂപ്പില്‍. ഇവ ഒരേദിവസം നടത്തും. മുഖ്യ വിഷയങ്ങളുടെ ഗണത്തില്‍പെടാത്ത ഭാഷേതര പേപ്പറുകളാണ് (ഉദാ: കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍) രണ്ടാം ഗ്രൂപ്പില്‍. ഈ ഗ്രൂപ്പില്‍ ഒരേ പേപ്പര്‍ തന്നെ രണ്ടോ മൂന്നോ ദിവസമായി നടത്തും. ഓരോ വിദ്യാര്‍ഥിക്കും ഏതു ദിവസം നല്‍കണമെന്നു നിശ്ചയിക്കുക സിബിഎസ്ഇയാകും. പരീക്ഷയ്ക്കുശേഷം ചോദ്യക്കടലാസ് തിരികെ വാങ്ങുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates