മധുര: യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍. ഈറോഡ് റെയില്‍വേ സ്റ്റേഷനിലെ മെക്കാനിക്കല്‍ വിഭാഗത്തിലെ ഹെല്‍പ്പറായ സെന്തില്‍ കുമാറാണ് പിടിയിലായത്. സ്‌റ്റേഷനിലെത്തുന്ന വൃദ്ധരുള്‍പ്പെടുന്ന യാത്രക്കാരെ സഹായിക്കാനെന്ന വ്യാജേന ലഗേജുകളുമായി കടന്നുകളയുന്നതായിരുന്നു ഇയാളുടെ രീതി. മധുര, കരൂര്‍, വൃദ്ധാചലം, ഈറോഡ്, തിരുനെല്‍വേലി സ്റ്റേഷനുകളിലെ യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിച്ചതായി സെന്തില്‍ കുമാര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
ആറ് വര്‍ഷമായി ഇയാള്‍ യാത്രക്കാരില്‍ നിന്ന് ബാഗുകള്‍ മോഷ്ടിക്കുന്നുണ്ട്. മധുര റെയില്‍വേ സ്റ്റേഷനില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ മുറിയില്‍ നിന്ന് 30 പവന്‍ സ്വര്‍ണവും 30 ഫോണും 9 ലാപ്‌ടോപ്പും 2 ഐപാഡും കണ്ടെത്തി. ഇരുന്നൂറിലധികം ബാഗുകളും കണ്ടെത്തിയിട്ടുണ്ട്.
ഡിസംബര്‍ 28 ന് വെല്ലൂരിലെ മകന്റെ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ മധുര റെയില്‍വേ ജങ്ഷനില്‍ വെച്ച് ഒരാള്‍ തന്റെ ബാഗ് മോഷ്ടിച്ചതായി ജെസു മേരി (75) എന്ന വൃദ്ധ മധുര ജിആര്‍പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. റെയില്‍ ഓവര്‍ ബ്രിഡ്ജിന്റെ പടികള്‍ കയറാന്‍ പാടുപെടുന്നതിനിടയില്‍ ഒരു മനുഷ്യന്‍ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ബാഗുമായി കടന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബാഗുമായി ഇയാള്‍ രക്ഷപ്പെടുന്നത് കണ്ടെത്തി. റെയില്‍വേ പൊലീസ് സംഘം കേസ് അന്വേഷിച്ച് ആര്‍ സെന്തില്‍കുമാറിനെ തിരിച്ചറിഞ്ഞു. ഇറോഡ് എച്ച്എംഎസ് കോളനിയിലെ വീട്ടിലെത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്.
യാത്രക്കാരില്‍ നിന്ന് മോഷ്ടിച്ച ബാഗുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക റാക്കും ഇയാള്‍ നിര്‍മ്മിച്ചിരുന്നു. ഈറോഡില്‍ താമസിച്ചിരുന്ന വീട്ടിലും സമാനമായ രീതിയില്‍ സൗകര്യം ഒരുക്കിയിരുന്നു. മോഷ്ടിച്ച സാധനങ്ങളൊന്നും ഇയാള്‍ വിറ്റില്ല, ഐപാഡുകള്‍, ചാര്‍ജറുകള്‍, ഹെഡ്സെറ്റുകള്‍, പാദരക്ഷകള്‍ എന്നിവയും ഇയാളുടെ രണ്ട് വീടുകളില്‍ നിന്ന് കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക