പത്തുദിവസം നീണ്ട രക്ഷാ പ്രവര്‍ത്തനം; കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരിയെ രക്ഷപ്പെടുത്തി;പിന്നാലെ മരണത്തിന് കീഴടങ്ങി

പുറത്തെടുത്ത കുട്ടിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Stuck In Rajasthan Borewell For 10 Days, 3-Year-Old Dies Hours After Rescue
കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തുന്നു വീഡിയോ ദൃശ്യം
Updated on
1 min read

ജയ്പുര്‍: പത്തുദിവസം മുന്‍പ് രാജസ്ഥാനിലെ കോട്പുതലി ഗ്രാമത്തിലെ കുഴല്‍കിണറില്‍ വീണ മൂന്നുവയസുകാരി ചേതനയെ രക്ഷപ്പെടുത്തിയെങ്കിലും പിന്നാലെ മരിച്ചു. പുറത്തെടുത്ത കുട്ടിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രിയിലെത്തിച്ച കുട്ടിയെ ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും അവിടെ പരിശോധനയ്ക്കായി പ്രത്യേക കിടക്ക സജ്ജീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടി ഉടന്‍ തന്നെ മരണത്തിന് കീഴടങ്ങിയതായി ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ചേതന്യ റാവത്ത് പറഞ്ഞു. കലക്ടറുടെ നിര്‍ദേശാനുസരണം കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ഡിസംബര്‍ 23നാണ് കുട്ടി 150 അടി താഴ്ചയിലുള്ള കിണറില്‍ വീണത്. കുഴല്‍കിണറിന് സമാന്തരമായി കുഴിയെടുത്തായിരുന്നു രക്ഷാപ്രവര്‍ത്തനം. ആദ്യം നിര്‍മിച്ച കുഴിയുടെ ദിശ മാറിപ്പോയത് രക്ഷാപ്രവര്‍ത്തനത്തെ വൈകിപ്പിക്കുകയും ഒടുവില്‍ മറ്റൊരു കുഴി കുഴിച്ച് കുട്ടിയെ പുറത്തെടുക്കുകയുമായിരുന്നു.കുഴിയിലേക്ക് ഓക്സിജനും ഭക്ഷണവും വെള്ളവും എത്തിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. എന്നാല്‍ അവസാന മണിക്കൂറുകളില്‍ കിണറ്റിലേക്ക് ഓക്സിജനോ ഭക്ഷണമോ വെള്ളമോ എത്തിക്കാനായിരുന്നില്ല. ഡിസംബര്‍ 27 വെള്ളിയാഴ്ച പെയ്ത മഴയും ഇടയ്ക്ക് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി.

ബദിയാലി ധനിയില്‍ പിതാവിന്റെ കൃഷിയിടത്തില്‍ കളിക്കുന്നതിനിടെയാണ് ചേതന കുഴല്‍ക്കിണറില്‍ വീണത്.രണ്ടാഴ്ചയ്ക്കിടെ രാജാസ്ഥാനില്‍ കുഴല്‍കിണറില്‍ കുട്ടികള്‍ വീഴുന്ന രണ്ടാമത്തെ സംഭവമാണിത്. ദൗസ ജില്ലയില്‍ അഞ്ചുവയസുകാരനെ 55 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ പുറത്തെടുത്തെങ്കിലും മരിച്ചു. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് മധ്യപ്രദേശിലെ ഗുണ ജില്ലയിലും 10 വയസുകാരന്‍ കുഴല്‍കിണറില്‍ വീണ് മരണമടഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com