പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേള ഹിന്ദുമതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പുണ്യവുമായ ഒരു ചടങ്ങായാണ് കരുതിപ്പോരുന്നത്. ഗംഗ, യമുന, സരസ്വതി നദികള്‍ സംഗമിക്കുന്ന പ്രയാഗ് രാജില്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരും ഭക്തരും ഒത്തുകൂടും. ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരാണ് മഹാ കുംഭമേള. ഹൈന്ദവ വിശ്വാസം അനുസരിച്ച് പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനും മോക്ഷം നേടാനുമുള്ള അവസരമായാണ് മഹാ കുംഭമേളയെ കാണുന്നത്.
സന്യാസിമാര്‍ നദീതീരങ്ങളിലേക്ക് ആചാരപരമായ ഘോഷയാത്ര നടത്തി സ്‌നാനം നിര്‍വഹിക്കുന്ന ഷാഹി സ്‌നാന്‍ ആണ് മഹാകുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. പ്രത്യേക ജ്യോതിശാസ്ത്ര വിന്യാസങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന മഹാ കുംഭമേളയുടെ സമയമാണ് ഏറ്റവും പ്രധാനം. ആത്മീയ ഊര്‍ജ്ജവും ശുദ്ധീകരണവും വര്‍ദ്ധിപ്പിക്കുന്നതിനായി കുംഭമേള സമയത്ത് സൂര്യന്‍, ചന്ദ്രന്‍, വ്യാഴം എന്നിവ ഒരുമിച്ചു ചേരുന്നുവെന്നും മോക്ഷം നേടാന്‍ ഈ പ്രത്യേക ജ്യോതിഷ ക്രമീകരണം ഏറ്റവും അനുയോജ്യമാണെന്നുമാണ് വിശ്വാസം.
ഗുരു അഥവാ വ്യാഴം ഒരുവട്ടം സൂര്യനെ പ്രദിക്ഷണം ചെയ്യാന്‍ എടുക്കുന്ന സമയമാണ് 12 വര്‍ഷം. അതിനെയാണ് ഒരു വ്യാഴവട്ടം എന്നു പറയുന്നത്. ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെ മഹാ കുംഭമേള നടക്കുന്നത്. മകര സംക്രാന്തി മുതല്‍ ശിവരാത്രി വരെയുള്ള കാലഘട്ടമാണിത്.
മഹാ കുംഭമേളയും കുംഭമേളയും തമ്മിലുള്ള വ്യത്യാസം?
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നതാണ് മഹാ കുംഭമേള. ഹരിദ്വാര്‍, ഉജ്ജയിനി, നാസിക്, പ്രയാഗ്രാജ് എന്നി നാല് സ്ഥലങ്ങളിലായി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നതാണ് കുംഭമേള. ഓരോ സ്ഥലവും 12 വര്‍ഷം കൂടുമ്പോള്‍ കുംഭമേളയ്ക്ക് വേദിയാകുന്നുവെന്ന് ഉറപ്പാക്കുന്നു. ഗംഗ നദി (ഹരിദ്വാര്‍), ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമം (പ്രയാഗ്), ക്ഷിപ്ര നദി (ഉജ്ജയിനി), ഗോദാവരി നദി (നാസിക്) എന്നി നദികളിലാണ് കുംഭമേള നടക്കുന്നത്.
മഹാകുംഭമേള ഏകദേശം 40 കോടി വിശ്വാസികളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. ഇത് ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനങ്ങളില്‍ ഒന്നായി മാറും. അതേസമയം കുംഭമേള ഇടയ്ക്കിടെ നടക്കുന്നത് കാരണം മഹാകുംഭത്തേക്കാള്‍ കുറച്ച് പേര്‍ മാത്രമേ പങ്കെടുക്കുന്നുള്ളൂ.
അര്‍ധ കുംഭമേള
ആറു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നതാണ് അര്‍ധ കുംഭമേള. 2019ല്‍ ആയിരുന്നു അവസാന അര്‍ധ കുംഭമേള.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക