
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോനാമാര്‍ഗ് പ്രദേശത്തെ തന്ത്രപ്രധാനമായ ഇസഡ്-മോര്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇത് വര്‍ഷം മുഴുവനും വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിച്ചേരാന്‍ സഹായിക്കും.
2,700 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം തുരങ്കത്തിനുള്ളില്‍ കയറിയ പ്രധാനമന്ത്രി പദ്ധതി ഉദ്യോഗസ്ഥരുമായും തുരങ്കം പൂര്‍ത്തിയാക്കാന്‍ കഠിനമായ സാഹചര്യങ്ങള്‍ക്കിടയിലും സൂക്ഷ്മതയോടെ പ്രവര്‍ത്തിച്ച നിര്‍മ്മാണ തൊഴിലാളികളുമായും ആശയവിനിമയം നടത്തി. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള മോദിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മധ്യ കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗാംഗീറിനും സോനാമാര്‍ഗിനും ഇടയിലുള്ള 6.5 കിലോമീറ്റര്‍ നീളമുള്ള രണ്ട് വരി റോഡ് ആണ് ടണലില്‍ ഒരുക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങള്‍ക്കായി 7.5 മീറ്റര്‍ രക്ഷപ്പെടല്‍ പാത സമാന്തരമായും സജ്ജീകരിച്ചിട്ടുണ്ട്.
സമുദ്രനിരപ്പില്‍ നിന്ന് 8,650 അടി മുകളിലാണ് ഈ തുരങ്കം. ശ്രീനഗറിനെയും സോനാമാര്‍ഗിനെയും ബന്ധിപ്പിച്ച് കൊണ്ടുള്ള ടണല്‍ ലേയിലേക്കുള്ള യാത്ര സുഗമമാക്കും. ലേയിലേക്കുള്ള യാത്രയില്‍ ശ്രീനഗറിനും സോനാമാര്‍ഗിനും ഇടയില്‍ എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി സാധ്യമാക്കും. മണ്ണിടിച്ചിലിനും ഹിമപാതത്തിനും സാധ്യതയുള്ള വഴികള്‍ ഒഴിവാക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
ഇസഡ്-മോര്‍ ടണലിന്റെ നീളം എത്ര?
ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗാംഗീറിനും സോനാമാര്‍ഗിനും ഇടയില്‍ നിര്‍മ്മിച്ച 6.5 കിലോമീറ്റര്‍ നീളമുള്ള, രണ്ട് വരി റോഡ് തുരങ്കമാണ് ഇസഡ്-മോര്‍ തുരങ്കം. പ്രധാന തുരങ്കത്തിന് 10.8 മീറ്റര്‍ നീളമുണ്ട്. അതില്‍ 7.5 മീറ്റര്‍ നീളമുള്ള കുതിരലാട ആകൃതിയിലുള്ള എസ്‌കേപ്പ് ടണല്‍ ആണ് പ്രത്യേകത. 8.3 മീറ്റര്‍ നീളമുള്ള ഡി ആകൃതിയിലുള്ള വെന്റിലേഷന്‍ ടണല്‍, 110 മീറ്ററും 270 മീറ്ററും നീളമുള്ള പ്രധാന കല്‍വെര്‍ട്ടുകള്‍, 30 മീറ്ററുള്ള ഒരു ചെറിയ കല്‍വെര്‍ട്ട് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
എന്തുകൊണ്ടാണ് ഇതിന് ഇസഡ്-മോര്‍ എന്ന് പേരിട്ടത്?
ആകൃതി കാരണമാണ് ടണലിന് ഇസഡ്-മോര്‍ എന്ന പേര് ലഭിച്ചത്. ഇസഡ് ആകൃതിയിലാണ് ടണല്‍. ഹിന്ദിയില്‍ തിരിവ് എന്നര്‍ത്ഥത്തിലാണ് മോര്‍ എന്ന പേര് കൂടി ചേര്‍ത്തത്.
എന്തുകൊണ്ടാണ് ഇത് നിര്‍മ്മിച്ചത്?
മുമ്പ് ഉപയോഗിച്ചിരുന്ന റോഡ് ഹിമപാതങ്ങള്‍ക്ക് സാധ്യതയുള്ളതായിരുന്നു. എല്ലാ കാലാവസ്ഥയിലും സോനാമാര്‍ഗിലേക്ക് കണക്റ്റിവിറ്റി നല്‍കാന്‍ ഇസഡ്-മോര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍പത്തെ റോഡിലെ മണിക്കൂറുകള്‍ നീണ്ട യാത്രയെ അപേക്ഷിച്ച് തുരങ്കത്തിലൂടെ സഞ്ചരിക്കാന്‍ ഏകദേശം 15 മിനിറ്റ് മാത്രം മതി. സോജി-ലാ ടണലിന് സമീപമാണിത്. ശ്രീനഗര്‍-ലേ ഹൈവേയിലെ ഈ ടണല്‍ കാര്‍ഗില്‍, ലഡാക്ക് മേഖലയിലെ മറ്റ് സ്ഥലങ്ങള്‍ എന്നിവയിലേക്ക് വര്‍ഷം മുഴുവനും കണക്ടിവിറ്റി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പദ്ധതിയുടെ തന്ത്രപരമായ പ്രാധാന്യം
ലഡാക്കിലേക്കുള്ള ചരക്കുകളുടെയും പ്രതിരോധ ലോജിസ്റ്റിക്സിന്റെയും നീക്കത്തിന് സോജില ടണല്‍ പ്രദേശം പ്രധാനമാണ്. അമിതമായ മഞ്ഞുവീഴ്ച കാരണം ശൈത്യകാലത്ത് ലഡാക്ക് അപ്രാപ്യമാണ്. സോജില പാസ് അടക്കുന്നതിനും കാരണമാകാറുണ്ട്. തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കുന്നതിലൂടെ ഇസഡ്-മോര്‍ ടണല്‍ പ്രദേശത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് എവിടേക്കാണ് ?
നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സോജില ടണലുമായി ഇസഡ്- മോര്‍ ബന്ധിപ്പിക്കും. സോജില ചുരം മുറിച്ചുകടന്ന് ലഡാക്കിലെ കാര്‍ഗില്‍ ജില്ലയില്‍ എത്താനാണ് സോജില ടണല്‍. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കമാണ് സോജില തുരങ്കം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക