

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടന്ന ദിവസമാണ് ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനം 'പ്രതിഷ്ഠ ദ്വാദശി' ആയി ആഘോഷിക്കണം. നൂറ്റാണ്ടുകളായി 'പരചക്ര' (ശത്രു ആക്രമണം) നേരിട്ട ഭാരതത്തിന്റെ 'യഥാര്‍ത്ഥ സ്വാതന്ത്ര്യം' ഈ ദിവസമാണ് നിലവില്‍ വന്നതെന്നും ആര്‍എസ്എസ് മേധാവി അഭിപ്രായപ്പെട്ടു.
ഇന്‍ഡോറില്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് 'ദേശീയ ദേവി അഹല്യ അവാര്‍ഡ്' സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും എതിര്‍ക്കുന്നതിനല്ല രാമക്ഷേത്ര പ്രസ്ഥാനം ആരംഭിച്ചത്. ഭാരതത്തെ സ്വയം ഉണര്‍ത്തുന്നതിനും, അങ്ങനെ ലോകത്തിന് മുന്നില്‍ രാജ്യത്തിന് സ്വന്തം കാലില്‍ നില്‍ക്കാനും വേണ്ടിയുള്ളതാണ് ഈ പ്രസ്ഥാനമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അയോധ്യയില്‍ രാമക്ഷേത്രം സമര്‍പ്പിച്ച സമയത്ത് രാജ്യത്ത് ഒരു സംഘര്‍ഷവും ഉണ്ടായിട്ടില്ലെന്ന് ആര്‍എസ്എസ് മേധാവി ചൂണ്ടിക്കാട്ടി. മഹത്തായ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സഹായിച്ച രാം മന്ദിര്‍ പ്രസ്ഥാനത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എല്ലാ ആളുകള്‍ക്കും ഈ ബഹുമതി സമര്‍പ്പിക്കുന്നതായി, പുരസ്‌കാരം ലഭിച്ച ചമ്പത് റായ് പ്രഖ്യാപിച്ചു. രാമക്ഷേത്രം ദേശീയ അഭിമാനമാണെന്നും റായ് പറഞ്ഞു.
ഇന്‍ഡോര്‍ ആസ്ഥാനമായുള്ള സാമൂഹിക സംഘടനയായ ശ്രീ അഹല്യോത്സവ് സമിതി, സാമൂഹിക മേഖലകളിലെ സംഭാവനകളെ മാനിച്ച് പ്രമുഖ വ്യക്തികള്‍ക്ക് എല്ലാ വര്‍ഷവും നല്‍കുന്നതാണ് ദേവി അഹല്യ അവാര്‍ഡ്. 2024 ജനുവരി 22 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ അയോധ്യ ക്ഷേത്രത്തില്‍ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത്. എന്നാല്‍ ഹിന്ദു ചാന്ദ്ര കലണ്ടര്‍ അനുസരിച്ച്, 2025 ജനുവരി 11 ന് സമര്‍പ്പണ ചടങ്ങ് ഒരു വര്‍ഷം പൂര്‍ത്തിയാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates