
കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി സഞ്ജയ് റോയിയുടെ ശിക്ഷ ഇന്ന് വിധിക്കും. വെള്ളിയാഴ്ചയാണ് സഞ്ജയ് റോയി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കുക.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ് പ്രതി സഞ്ജയ് റോയി. ആദ്യം കൊല്‍ക്കത്ത പൊലീസും തുടര്‍ന്ന് സിബിഐയുമാണ് ഏറെ കോളിളക്കമുണ്ടാക്കിയ കേസ് അന്വേഷിച്ചത്. പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. സുപ്രീംകോടതിയും ഹൈക്കോടതിയും നിര്‍ണായക ഇടപെടല്‍ നടത്തിയ സംഭവത്തില്‍ കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി പറയുന്നത്.
മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളിലാണ് 31 കാരിയായ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. കഴുത്തിന്റെ എല്ലു പൊട്ടിയ നിലയിലായിരുന്നു. ബലാത്സംഗത്തിനു ശേഷം ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്.
നിര്‍ഭയ കേസിന് സമാനമായി പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഭാരതീയ ന്യായ സംഹിത 64-ാം വകുപ്പ് പ്രകാരം 10 വര്‍ഷത്തില്‍ കുറയാത്തതും 66-ാംവകുപ്പ് പ്രകാരം 25 വര്‍ഷമോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിച്ചേക്കാം. താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും പൊലീസ് തന്നെ കുടുക്കിയതാണെന്നുമാണ് പ്രതിയുടെ വാദം. യഥാര്‍ഥ പ്രതികള്‍ കാണാമറയത്താണെന്നുമാണ് സഞ്ജയ് റോയിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചത്.
അവന് വധശിക്ഷ ലഭിച്ചാലും എതിര്‍ക്കില്ല; സഞ്ജയ് റോയിയുടെ മാതാവ്
തന്റെ മകന്‍ കുറ്റക്കാരനാണെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ അവന് ലഭിക്കണമെന്ന് സഞ്ജയ് റോയിയുടെ മാതാവ്. വധശിക്ഷ ലഭിച്ചാലും എതിര്‍ക്കില്ല. മൂന്ന് പെണ്‍മക്കളുടെ മാതാവായ തനിക്ക് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അനുഭവിച്ച വേദനയുടെ ആഴം മനസ്സിലാകുമെന്നും അവര്‍ പറഞ്ഞു.
'കോടതി അവനെ തൂക്കിലേറ്റാന്‍ തീരുമാനിച്ചാല്‍, നിയമത്തിനു മുന്നില്‍ അവന്‍ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടതിനാല്‍ എനിക്ക് എതിര്‍പ്പില്ല. ഞാന്‍ ഒറ്റയ്ക്ക് കരയും, എന്നാല്‍ വിധിയായി കണ്ട് ഇതിനെ ഉള്‍ക്കൊള്ളും'- 70കാരി പറഞ്ഞു.
'അവന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍, അവന് ശരിയായ ശിക്ഷ ലഭിക്കണം. ഞങ്ങളുടെ ഭാഗത്തുനിന്ന് ഉത്തരവിനെ ചോദ്യം ചെയ്യാന്‍ പദ്ധതിയില്ല. സഞ്ജയ് അറസ്റ്റിലായതിനുശേഷം, ഞങ്ങള്‍ അപമാനം നേരിടുകയാണ്, അയല്‍ക്കാര്‍ മുതല്‍ ബന്ധുക്കള്‍ വരെ ഞങ്ങള്‍ സഞ്ജയുടെ ബന്ധുക്കളാണെന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുകയാണ്.'- സഞ്ജയ് റോയിയുടെ മൂത്ത സഹോദരി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക