'കാത്തിരുന്ന വിധി'; മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും, ഹര്‍ജി തള്ളി യുഎസ് സുപ്രീംകോടതി

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും
Tahawwur Rana
തഹാവൂര്‍ റാണഫയൽ
Updated on

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും. തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യം അമേരിക്കന്‍ സുപ്രീംകോടതി അംഗീകരിച്ചു.

2008ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയാണ് പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണ. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായത്. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണയുടെ അവസാന നിയമപരമായ അവസരമായിരുന്നു ഇത്. എന്നാല്‍ സുപ്രീംകോടതിയും ഹര്‍ജി തള്ളിയതോടെ റാണയെ ഉടന്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറിയേക്കും.

നേരത്തെ, ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ നല്‍കിയ ഹര്‍ജി നിരവധി ഫെഡറല്‍ കോടതികള്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റാണ സുപ്രീംകോടതിയെ സമീപിച്ചത്. നവംബര്‍ 13-ന് റാണ യുഎസ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഡൊണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം, ജനുവരി 21നാണ് സുപ്രീം കോടതി റാണയുടെ ഹര്‍ജി തള്ളിയത്. 'ഹര്‍ജി നിരസിച്ചു,'- സുപ്രീം കോടതി പറഞ്ഞു.

64 കാരനായ റാണ നിലവില്‍ ലോസ് ഏഞ്ചല്‍സിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ തടവിലാണ്. നേരത്തെ ഹര്‍ജി തള്ളണമെന്ന് യുഎസ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. ഡിസംബര്‍ 16ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ യുഎസ് സോളിസിറ്റര്‍ ജനറല്‍ എലിസബത്ത് ബി പ്രെലോഗര്‍ ആണ് ഇന്ത്യയ്ക്ക് അനുകൂലമായി വാദിച്ചത്.

മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരില്‍ ഒരാളായ പാകിസ്ഥാന്‍ വംശജനായ അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി റാണയ്ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. 2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com