ന്യൂഡല്‍ഹി: കേന്ദ്ര ജീവനക്കാര്‍ക്കുള്ള പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയായ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം ഏപ്രില്‍ ഒന്നും മുതല്‍ പ്രാബല്യത്തിലാകും. ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് നിലവിലുള്ള നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം പരിഷ്‌കരിച്ചതാണ് യുപിഎസ്. പ്രതിമാസം നിശ്ചിത തുക പെന്‍ഷനായി ഉറപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് വിജ്ഞാപനമിറക്കി.
2004 ജനുവരി ഒന്നിനോ അതിനുശേഷമോ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കാണ് യുപിഎസ് ആനുകൂല്യം. എന്‍പിഎസിലുള്ളവര്‍ക്ക് യു.പി.എസിലേക്ക് മാറാന്‍ കഴിയും. എന്‍.പി.എസില്‍ തുടരണമെങ്കില്‍ അതിനും വ്യവസ്ഥയുണ്ട്. 10 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കി വിരമിക്കുന്നവര്‍ പദ്ധതിയില്‍ ഉള്‍പ്പെടും. സ്വയം വിരമിക്കല്‍ നടത്തുന്നവര്‍ക്ക് മിനിമം യോഗ്യതാസര്‍വീസ് 25 വര്‍ഷമാണ്.
എന്‍പിഎസില്‍ ജീവനക്കാര്‍ പത്തുശതമാനവും സര്‍ക്കാര്‍ 14 ശതമാനവുമാണ് പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കേണ്ടത്. എന്നാല്‍, യുപിഎസില്‍ സര്‍ക്കാര്‍ വിഹിതം 14-ല്‍നിന്ന് 18.5 ശതമാനമാക്കി. ജീവനക്കാരുടെ വിഹിതം 10 ശതമാനമായി തുടരും. രാജ്യത്തെ 23 ലക്ഷം കേന്ദ്രജീവനക്കാര്‍ക്ക് നേട്ടമുണ്ടാകുമെന്ന് ധനമന്ത്രാലയം പറയുന്നു.
പത്തുവര്‍ഷം സര്‍വീസുള്ളവര്‍ക്ക് മിനിമം പതിനായിരം രൂപ പെന്‍ഷന്‍ ലഭിക്കും. പത്തുവര്‍ഷത്തില്‍ താഴെയുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. പെന്‍ഷനൊപ്പം ക്ഷാമാശ്വാസവും ലഭിക്കുമെന്നതിനാല്‍ വിലക്കയറ്റത്തിന്റെ ഭാരം ബാധിക്കില്ലെന്നും കേന്ദ്രം സൂചിപ്പിച്ചു. ഉദാഹരണത്തിന് 25 വര്‍ഷം സര്‍വീസുള്ള വ്യക്തിക്ക് വിരമിക്കുന്ന സമയത്ത് 45,000 രൂപ പ്രതിമാസ ശമ്പളം ഉണ്ടെങ്കില്‍ ( അടിസ്ഥാന ശമ്പളം + ഡിഎ ) പകുതിയായ 22,500 രൂപയും അതതു സമയത്തെ ക്ഷാമാശ്വാസവും ലഭിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക