
ചെന്നൈ: പ്രതിപക്ഷത്തിന്‍റെ അഭിപ്രായങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്ന ധാരണയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍. ഇന്ത്യന്‍ പാര്‍ലമെന്റിലെ ചര്‍ച്ചകളുടേയും നടപടിക്രമങ്ങളുടേയും ഗുണനിലവാരത്തില്‍ ഇടിവുണ്ടായിട്ടുണ്ടെന്ന് തരൂര്‍ പറഞ്ഞു. ചെന്നൈയില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ പാര്‍ലമെന്റ് നടപടിക്രമങ്ങളെക്കുറിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തക കാവേരി ബംസായിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ അധികാരത്തിലിരുന്നപ്പോള്‍ പ്രധാനപ്പെട്ട ബില്ലുകള്‍ പാസാക്കുമ്പോള്‍ പോലും പ്രതിപക്ഷ നേതാക്കളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചിരുന്നു. അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഇപ്പോള്‍. സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ വിശ്വാസത്തിന്റേയും ആശയവിനിമയത്തിന്റേയും പൂര്‍ണമായ തകര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചയുടെ ഗുണനിലവാരവും നിരന്തരമായ ബഹളവുമെല്ലാം പാര്‍മെന്‍റിനെ നിരാശാജനകമായ ഇടമാക്കി മാറ്റി. ജനാധിപത്യത്തിന്റെ ക്ഷേത്രമെന്ന പ്രതീതി സൃഷ്ടിക്കുന്നതില്‍ പാര്‍ലമെന്‍റ് പരാജയപ്പെടുന്നുവെന്ന് തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ വളരെ കുറച്ച് മാത്രമേ പങ്കെടുക്കുന്നുള്ളൂ. പുതിയ പാര്‍ലമെന്റ് മന്ദിരം ആത്മാവില്ലാത്ത ഒരു കണ്‍വെന്‍ഷന്‍ ഹാള്‍ പോലെയാണെന്നും ശശി തരൂര്‍ പറഞ്ഞു.
എംപിമാരെ ദേശവിരുദ്ധര്‍, രാജ്യദ്രോഹം തുടങ്ങിയ വാക്കുകള്‍ കൊണ്ടാണ് പലപ്പോഴും അഭിസംബോധന ചെയ്യുന്നത്. രാജ്യത്തിന്റെ മികച്ച താല്‍പ്പര്യങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന എതിരാളികളാവണം ഭരണപക്ഷവും പ്രതിപക്ഷവും. പലപ്പോഴും എംപിമാരെ ശത്രുക്കളായിട്ടാണ് കണക്കാക്കുന്നത്. ബിജെപി എംപിമാര്‍ പ്രതിപക്ഷവുമായി ഇടപഴകുന്നതിനുള്ള എല്ലാ സാധ്യതകളും നിരസിക്കാറാണ് പതിവ്. യുപിഎ കാലത്ത് ഇങ്ങനെയായിരുന്നില്ല.
സ്യൂട്ട് -ബൂട്ട് കി സര്‍ക്കാര്‍ എന്ന് മുദ്രകുത്തി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ഭരണകക്ഷിയെ ഏറെ മാറി ചിന്തിപ്പിച്ചു. ആ പ്രതിച്ഛായ ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി. രണ്ടാമത് തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ പുറത്താക്കിയതായിരുന്നു. ഇത് സഭയിലെ അവരുടെ പ്രസംഗത്തിന്റെ പ്രത്യാഘാതമായിരുന്നു. പാര്‍ലമെന്റ് തടസപ്പെടുത്തല്‍ സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ താന്‍ തയ്യാറാണെന്നും തരൂര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക