
ബംഗളൂരു: ജാതി അധിക്ഷേപ പരാതിയല്‍ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു. എസ്സി/എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരം ബംഗളൂരു സദാശിവ നഗര്‍ പൊലീസ് ആണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രിസ് ഗോപാലകൃഷ്ണനെ കൂടാതെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ മറ്റ് 16 പേര്‍ കൂടി കേസില്‍ പ്രതികളാണ്.
സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ ടെക്നോളജിയില്‍ ഫാക്കല്‍റ്റി അംഗമായിരുന്ന പ്രൊഫസര്‍ ഡി സന്ന ദുര്‍ഗപ്പയാണ് പരാതിക്കാരന്‍. 2014ല്‍ തന്നെ വ്യാജമായി ഹണി ട്രാപ്പ് കേസില്‍ കുടുക്കിയെന്നും തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും പരാതിയില്‍ പറയുന്നു. താന്‍ ജാതീയമായ അധിക്ഷേപത്തിനും ഭീഷണിക്കും വിധേയനായെന്നും ദുര്‍ഗപ്പ പരാതിയില്‍ ആരോപിച്ചു.
ക്രിസ് ഗോപാലകൃഷ്ണന് പുറമെ മുന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഡയറക്ടര്‍ ബല്‍റാം, ഗോവിന്ദന്‍ രംഗരാജന്‍, ശ്രീധര്‍ വാര്യര്‍, സന്ധ്യാ വിശ്വേശ്വരൈ, ഹരി കെവിഎസ്, ദാസപ്പ, പി ബലറാം, ഹേമലതാ മിഷി, കെ.ചട്ടോപാദ്യായ, പ്രദീപ് ഡി സാവ്കര്‍, മനോഹരന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഐഐഎസ്സി ബോര്‍ഡ് ട്രസ്റ്റില്‍ അംഗം കൂടിയാണ് ഇന്‍ഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക