
ന്യൂഡല്‍ഹി: നടി മമത കുല്‍ക്കര്‍ണി മഹാകുംഭമേളയില്‍ പുണ്യസ്‌നാനം നടത്തി സന്യാസം സ്വീകരിച്ചതിനെ ചോദ്യം ചെയ്ത് ബാബാ രാംദേവ്. മഹാകുംഭമേള മഹനീയമായൊരു പുണ്യാഘോഷമാണ്. ചിലര്‍ ഇതിനെ മറ്റുതരത്തില്‍ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും മഹാകുംഭമേളയുടെ യഥാര്‍ഥ സത്ത ഇതല്ലെന്നും ബാബ രാം ദേവ് പറഞ്ഞു.
'കുംഭമേളയെന്നത് ഒരു പുണ്യോത്സവമാണ്. മാനുഷികതയെ ദൈവികതയിലേക്കും ആത്മീയതയിലേക്കും ഉയര്‍ത്തുകയെന്നതാണ് കുംഭമേളയുടെ അന്തസത്ത. ചിലര്‍ ഇതിനെ മറ്റുതരത്തില്‍ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഇന്നലെ വരെ ലൗകിക സുഖങ്ങളില്‍ മുഴുകിയവര്‍, ഒരുദിവസം സന്യാസിമാരായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. ഒറ്റ ദിവസം കൊണ്ട് അവര്‍ക്ക് മഹാമണ്ഡലേശ്വര്‍ പദവി വരെ ലഭിക്കുന്നു'- രാംദേവ് പറഞ്ഞു
കഴിഞ്ഞ ദിവസമാണ് കിന്നര്‍ അഖാഡയുടെ ഭാഗമായി മമത കുല്‍ക്കര്‍ണി സന്യാസദീക്ഷ സ്വീകരിച്ചത്. മമ്ത കുല്‍ക്കര്‍ണി എന്ന പേരിനുപകരം ശ്രീ യമായ് മമ്ത നാന്ദ്ഗിരി എന്ന പേരാണ് ഇവര്‍ സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം ബാഗേശ്വര്‍ ധാമിലെ പീതാധീശ്വര്‍ പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രിയും മമത കുല്‍ക്കര്‍ണിക്കെതിരെ രംഗത്തെത്തിയിരുന്നു. യഥാര്‍ഥ സന്യാസി ചൈതന്യമുള്ളവര്‍ക്ക് മാത്രമേ മഹാമണ്ഡലേശ്വര്‍ പദവി നല്‍കാവൂവെന്നായിരുന്നു ശാസ്ത്രിയുടെ വിമര്‍ശനം. ബാഹ്യ സ്വാധീനത്തില്‍ ഒരാളെ എങ്ങനെ സന്യാസിയോ മഹാമണ്ഡലേശ്വരനോ ആക്കും? തനിക്കിതുവരെ മഹാമണ്ഡലേശ്വരനാകാന്‍ കഴിഞ്ഞിട്ടില്ലെന്നും ശാസ്ത്രി പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക