
ഡെറാഡൂണ്‍: 38ാമത് ദേശീയ ഗെയിംസിന് ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ തുടക്കം. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെയിംസ് ഉദ്ഘാടനം ചെയ്തു. 2036 ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ സജീവ ശ്രമം നടത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യന്‍ കായിക മേഖലയെ ഉയരങ്ങളിലെത്തിക്കുമെന്നും മോദി പറഞ്ഞു.
'ഒളിംപിക്‌സ് എവിടെ നടന്നാലും എല്ലാ മേഖലകള്‍ക്കും നേട്ടമുണ്ടാകും. അത് കായികതാരങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും മുഴുവന്‍ രാജ്യത്തിനും ഉത്തേജനം നല്‍കുകയും ചെയ്യും' മോദി പറഞ്ഞു.
2036 ഒളിംപിക്‌സ് നേടിയെടുക്കുന്നത് കായിക മേഖലയിലെ വളര്‍ച്ചയെ മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും അത്‌ലറ്റുകള്‍ക്കും രാജ്യത്തിനും മൊത്തത്തില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഗെയിംസിനെ 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതത്തിന്റെ മനോഹരമായ ചിത്രം' എന്ന് വിശേഷിപ്പിച്ചു. കായികരംഗം രാജ്യത്തിന്റെ വികസനത്തിന് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഗെയിംസില്‍ 28 സംസ്ഥാനങ്ങള്‍, 8 കേന്ദ്ര ഭരണ പ്രദേശങ്ങള്‍, സര്‍വീസസ് ബോര്‍ഡുകളില്‍ നിന്നുമായി 10000ത്തിനു മുകളില്‍ കായിക താരങ്ങള്‍ മാറ്റുരയ്ക്കും. 11 വേദികളിലായി 43 മത്സര ഇനങ്ങള്‍ അരങ്ങേറും. കേരളത്തില്‍ നിന്നു 29 ഇനങ്ങളില്‍ മത്സരിക്കാനായി 437 താരങ്ങളാണ് എത്തിയത്. ഉദ്ഘാടന ചടങ്ങില്‍ ബാസ്‌ക്കറ്റ് ബോള്‍ താരം പിഎസ് ജീനയും വുഷു താരം മുഹമ്മദ് ജാസിലും കേരളത്തിന്റെ പതാകയേന്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക