
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക് മേഖലയിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യനടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ (Operation Sindoor) ഉപന്യാസ മത്സരത്തിന് വിഷയമാക്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. 'ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരവാദത്തോടുള്ള ഇന്ത്യയുടെ നയം പുനര്‍നിര്‍വചിക്കുന്നു' എന്ന വിഷയത്തിലാണ് കേന്ദ്രം ഉപന്യാസങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്.
ജൂണ്‍ ഒന്ന് മുതല്‍ 30 വരെ നീണ്ടുനില്‍ക്കുന്നതാണ് മത്സരം. മത്സരത്തില്‍ വിജയികളാകുന്ന മൂന്ന് പേര്‍ക്ക് 10,000 രൂപ വീതം സമ്മാനം ലഭിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിക്കുന്നു. ഇതിന് പുറമെ 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രത്യേക അവസരവും വാഗ്ദാനം ചെയ്യുന്നു.
'രാജ്യത്തെ യുവാക്കളുടെ ശബ്ദം കേള്‍ക്കാന്‍ പ്രതിരോധ മന്ത്രാലയം' എന്ന കുറിപ്പോടെയാണ് ഉപന്യാസ മത്സരത്തെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ഹിന്ദിയിലോ ഇംഗ്ലീഷിലോ രചനകള്‍ അയക്കാം. ഓരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അയക്കാന്‍ സാധിക്കുകയുള്ളൂ.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് യുവാക്കളെ കൂടി പങ്കെടുപ്പിക്കുന്ന വിധത്തില്‍ മത്സരത്തിന് വിഷയമാക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടെ അണി നിരത്തി ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കാന്‍ ഉണ്ടായ സാഹചര്യം വിദേശത്തും വിശദീകരിക്കുന്ന നടപടിയും ഒരു വഴിക്ക് പുരോഗമിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ