
ന്യൂഡല്‍ഹി: ഐഐടികളിലും മറ്റു പ്രമുഖ എന്‍ജിനീയറിങ് സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനത്തിന് നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) അഡ്വാന്‍സ്ഡ് 2025 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയില്‍ രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള രജിത് ഗുപ്തയാണ് ( Rajit Gupta) ഒന്നാം സ്ഥാനം നേടിയത്. 360ല്‍ 332 മാര്‍ക്ക് ആണ് രജിത് ഗുപത നേടിയത്.
നേരത്തെ, ജെഇഇ മെയിന്‍ 2025 ന്റെ രണ്ട് സെഷനുകളിലും രജിത് 100 പെര്‍സെന്റൈല്‍ നേടിയിരുന്നു. എയര്‍ 1 റാങ്ക് നേടിയതോടെ, രാജ്യത്തെ ഏറ്റവും തിളക്കമുള്ള യുവമനസ്സുകളില്‍ ഒരാളായി അദ്ദേഹം സ്ഥാനം ഉറപ്പിച്ചു. ''സിലബസില്‍ ഓരോ ദിവസവും പൂര്‍ത്തിയാക്കേണ്ട ഭാഗങ്ങള്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അതിനു വേണ്ടി ആത്മാര്‍ഥമായി ശ്രമിച്ചു. സ്ഥിരമായി ശ്രമിച്ചുകൊണ്ടേയിരിക്കുക, അതാണ് എനിക്കു പറയാനുള്ളത്' - രജിത് ഗുപ്ത പറഞ്ഞു.
'നിങ്ങള്‍ സമര്‍പ്പണബോധത്തോടെയിരിക്കുകയും കൃത്യസമയത്ത് ഗൃഹപാഠം പൂര്‍ത്തിയാക്കുകയും വേണം. കുറുക്കുവഴികളൊന്നുമില്ല. അച്ചടക്കവും സ്ഥിരതയും ഉണ്ടെങ്കില്‍ വിജയം നേടാം. ഐഐടി ബോംബെയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്ങില്‍ ചേരാനാണ് ആഗ്രഹം. പഠനത്തിന്റെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതിന് സന്തോഷം നല്‍കുന്ന പ്രവര്‍ത്തനങ്ങളുമായി പഠനത്തെ സന്തുലിതമാക്കണം. നിങ്ങളുടെ മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കുക, ഇടയ്ക്കിടെ യാത്ര ചെയ്യുക, സുഹൃത്തുക്കളുമായി സംസാരിക്കുക, കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുക. ഈ കാര്യങ്ങള്‍ സമ്മര്‍ദ്ദം കുറയ്ക്കാനും നിങ്ങളെ മാനസികമായി ഉന്മേഷഭരിതരാക്കാനും സഹായിക്കും' - രജിത് ഗുപ്ത പറഞ്ഞു.
'ദിവസത്തില്‍ ഏഴ് മണിക്കൂറെങ്കിലും പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. എല്ലാ വിഷയങ്ങളിലും സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഞാന്‍ എന്റെ സമയം ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം എന്നിവയ്ക്കായി തുല്യമായി വിഭജിച്ചു. ഞാന്‍ ആറാം ക്ലാസില്‍ എന്റെ തയ്യാറെടുപ്പ് ആരംഭിച്ചു. എനിക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും. എന്നാല്‍ ഓര്‍ക്കുക - കഠിനാധ്വാനം വിലമതിക്കാനാവാത്തതാണ്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല.'- രജിത് ഗുപ്ത കൂട്ടിച്ചേര്‍ത്തു. ജെഇഇ അഡ്വാന്‍സ്ഡ് 2025 പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ jeeadv.ac.in എന്ന വെബ്സൈറ്റില്‍ അവരുടെ സ്‌കോര്‍കാര്‍ഡുകളും അന്തിമ ഉത്തരസൂചികകളും ലഭിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ