

ബംഗളൂരു: കന്നഡ ഭാഷ വിവാദത്തിൽ നടൻ കമൽ ഹാസനെതിരെ (Kamal Haasan) രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. തഗ് ലൈഫ് എന്ന ചിത്രത്തിന്റെ റിലീസിന് വിലക്കേർപ്പെടുത്തിയ കര്‍ണാടക ഫിലിം ചേംബറിന്റെ നടപടിക്കെതിരെ കമൽ ഹാസൻ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം.
കമൽ ഹാസൻ നടത്തിയ പരാമർശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്നും എന്തടിസ്ഥാനത്തിലാണ് 'തമിഴിൽ നിന്നാണ് കന്നഡയുടെ ഉത്ഭവം' എന്ന പരാമർശം കമൽ ഹാസൻ നടത്തിയതെന്നും ജസ്റ്റിസ് നാഗ പ്രസന്ന ചോദിച്ചു. വികാരങ്ങളെ വ്രണപ്പെടുത്താൻ ഒരു പൗരനും അവകാശമില്ലെന്നും ജസ്റ്റിസ് പറഞ്ഞു.
ക്ഷമാപണം കൊണ്ട് പരിഹരിക്കേണ്ട വിഷയം കോടതി വരെ എത്തിച്ചെന്നും ഈ മനോഭാവം ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കമൽ ഹാസൻ മാപ്പ് പറയണമായിരുന്നെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കി. 'ജലം, ഭൂമി, ഭാഷ - ഇവ പൗരൻമാരുടെ വികാരമാണ്. ഈ രാജ്യത്തിന്റെ വിഭജനം ഭാഷാടിസ്ഥാനത്തിലായിരുന്നു. ഒരു ഭാഷയും മറ്റൊന്നിൽ നിന്ന് ജനിക്കില്ല. ഈ അവകാശവാദത്തെ പിന്തുണയ്ക്കാൻ എവിടെയാണ് തെളിവുകൾ? എന്താണ് സംഭവിച്ചത്?.
കർണാടകയിലെ ജനങ്ങൾ ഒരു ക്ഷമാപണം മാത്രമല്ലേ ചോദിച്ചുള്ളൂ. കർണാടകയിലെ ജനങ്ങളുടെ വികാരത്തെ നിങ്ങൾ തകർത്തത് എന്തടിസ്ഥാനത്തിലാണ്?. നിങ്ങൾ ഒരു ചരിത്രകാരനാണോ? അതോ ഭാഷാപണ്ഡിതനോ?'- എന്നും കോടതി ചോദിച്ചു.
'നിങ്ങൾ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ എന്തിനാണ് ഈ സിനിമ കർണാടകയിൽ പ്രദർശിപ്പിക്കണമെന്ന് വാശി പിടിക്കുന്നത്? അത് വിടൂ. ഒരു വിഭാഗത്തിന്റെ വികാരം വ്രണപെടുത്തിയല്ല ആവിഷ്കാര സ്വാതന്ത്ര്യം കാണിക്കേണ്ടത്. നിങ്ങൾ മാപ്പ് പറയുകയാണെങ്കിൽ കുഴപ്പമൊന്നുമില്ല. കർണാടകയിൽ നിന്നും നിങ്ങൾ കോടികൾ സമ്പാദിച്ചിട്ടുണ്ട്. ഒരു ക്ഷമാപണം കൊണ്ട് എല്ലാം പരിഹരിക്കുമായിരുന്നു. ജനങ്ങളെ വേണ്ടെങ്കിൽ ആ പണവും ഒഴിവാക്കണമെന്നും' കോടതി ചൂണ്ടിക്കാട്ടി.
കമൽ ഹാസൻ ഒരു സാധാരണ വ്യക്തിയല്ലെന്നും കോടതി വ്യക്തമാക്കി. കമൽ ഹാസന്റെ ഹർജി പരിഗണിക്കവേയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. ഹർജിയിൽ ഇതുവരെ വിധി പുറപ്പെടുവിച്ചിട്ടില്ല. ക്ഷമാപണം നടത്തുന്നതിനേക്കുറിച്ച് പരിഗണിക്കണമെന്ന് കമൽ ഹാസനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വാദം കേൾക്കൽ ഇന്ന് ഉച്ചയ്ക്ക് 2.30 ലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
