മുൻ ഭർത്താവ്, ബാങ്കിങ് ജോലി ഉപേക്ഷിച്ച് രാഷ്ട്രീയം...; അറിയാം മഹുവ മൊയ്ത്രയെ കുറിച്ചുള്ള അഞ്ചു കാര്യങ്ങള്‍

സീനിയര്‍ അഭിഭാഷകനും ബിജു ജനതാദള്‍ (ബിജെഡി) മുന്‍ എംപിയുമായ പിനാകി മിശ്രയെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹം കഴിച്ചത്
Mahua Moitra
മഹുവ മൊയ്ത്ര ( Mahua Moitra) ഫയൽ
Updated on

സീനിയര്‍ അഭിഭാഷകനും ബിജു ജനതാദള്‍ (ബിജെഡി) മുന്‍ എംപിയുമായ പിനാകി മിശ്രയെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ( Mahua Moitra) വിവാഹം കഴിച്ചത്. വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച മഹുവ മൊയ്ത്ര ആശംസകള്‍ക്ക് നന്ദി പറഞ്ഞ് പിനാകി മിശ്രയ്ക്കൊപ്പമുള്ള ചിത്രം എക്‌സില്‍ പങ്കുവെച്ചു. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. പിനാകി മിശ്ര സുപ്രീം കോടതിയിലെ അഭിഭാഷകന്‍ കൂടിയാണ്.

കൃഷ്ണനഗറില്‍ നിന്നുള്ള എംപിയായ മഹുവ മൊയ്ത്ര മുന്‍പ് ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാര്‍സ് ബ്രോര്‍സനെ വിവാഹം കഴിച്ചിരുന്നു. അദ്ദേഹവുമായി പിന്നീട് വിവാഹമോചനം നേടിയിരുന്നു. ബാങ്കറില്‍നിന്ന് രാഷ്ട്രീയക്കാരിയായി മാറിയ മഹുവ പശ്ചിമ ബംഗാളിലെ കൃഷ്ണ നഗറില്‍നിന്നുള്ള എംപിയാണ്. ലോക്സഭയിലേക്ക് രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ബംഗാള്‍ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മഹുവ മൊയ്ത്രയെ കുറിച്ചുള്ള അഞ്ചുകാര്യങ്ങള്‍ അറിയാം.

1. ബാങ്കിങ് ജോലിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക്: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ്, മഹുവ മൊയ്ത്ര വളരെ വ്യത്യസ്തമായ ഒരു ജീവിതമാണ് നയിച്ചത്. യുഎസിലെ പ്രശസ്തമായ മൗണ്ട് ഹോളിയോക്ക് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രവും ഗണിതവും പഠിച്ച അവര്‍ 1998 ല്‍ ബിരുദം നേടി. 2008ല്‍ ഇന്ത്യയിലേക്ക് മടങ്ങാനും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനും തന്റെ ഉയര്‍ന്ന ബാങ്കിങ് ജോലി മഹുവ ഉപേക്ഷിക്കുകയായിരുന്നു. ആദ്യം കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തിലും പിന്നീട് മമത ബാനര്‍ജിയുടെ ടിഎംസിയിലും ചേര്‍ന്ന അവര്‍, തീപ്പൊരി പ്രസംഗങ്ങളും ഉരുളയ്ക്ക് ഉപ്പേരി കണക്കെയുള്ള മറുപടിയും വഴിയാണ് പാര്‍ലമെന്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.

2. മഹുവ മൊയ്ത്രയുടെ ആദ്യ വിവാഹം: മൊയ്ത്ര നേരത്തെ ഒരു ഡാനിഷ് ധനകാര്യ വിദഗ്ദ്ധനായ ലാര്‍സ് ബ്രോര്‍സനെയാണ് വിവാഹം കഴിച്ചത്. തന്റെ ജീവിതത്തിലെ ഈ അധ്യായം വളരെ സ്വകാര്യമായി സൂക്ഷിച്ചുവെങ്കിലും വിവാഹവും ഒടുവില്‍ വേര്‍പിരിയലും അവര്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥിരീകരിച്ചു. തുടക്കത്തില്‍ തന്റെ മുന്‍ ഭര്‍ത്താവിന്റെ പേര് തെറ്റായാണ് അവര്‍ നല്‍കിയത്. 'എന്റെ മുന്‍ ഭര്‍ത്താവ് ലാര്‍സ് വൗവര്‍ട്ട് ബ്രോഴ്‌സണ്‍'- എന്നാണ് അവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നത്.

3. ജയ് അനന്ത് ദേഹാദ്രായിയുമായുള്ള പിണക്കം: അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയുമായി ബന്ധപ്പെട്ട് മൊയ്ത്ര ഒരു വിവാദത്തില്‍ അകപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. അദ്ദേഹത്തെ അവര്‍ 'പ്രണയബന്ധം ഉപേക്ഷിച്ച മുന്‍ കാമുകന്‍' എന്നാണ് വിശേഷിപ്പിച്ചത്. വ്യക്തിപരമായ ആരോപണങ്ങളില്‍ ആരംഭിച്ച തര്‍ക്കം താമസിയാതെ രാഷ്ട്രീയമായി മാറി. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതിന് പകരമായി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് സമ്മാനങ്ങളും ആനുകൂല്യങ്ങളും മഹുവ സ്വീകരിച്ചതായാണ് ദേഹാദ്രായി ആരോപിച്ചത്. ടിഎംസിയുടെ തീപ്പൊരി എംപി ഇത് ശക്തമായി നിഷേധിച്ചു. ഇത് അവരുടെ വിശ്വാസ്യത തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് വാദിച്ചത്. കോടതിമുറികളിലും ഈ ആരോപണം അരങ്ങേറി.

4. മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കല്‍: 2023 ഡിസംബറിലാണ് ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടി മൊയ്ത്ര നേരിട്ടത്. ലോക്‌സഭയില്‍ ചോദ്യത്തിന് കോഴ ആരോപണത്തില്‍ എത്തിക്‌സ് കമ്മിറ്റി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലോക്സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചു. അവരുടെ അനുയായികള്‍ ഇതിനെ രാഷ്ട്രീയ പ്രേരിത നീക്കമായാണ് കണ്ടത്.

5. അദാനി ഗ്രൂപ്പിനെതിരായ നിരന്തരമായ ആക്രമണം: ശതകോടീശ്വരനായ ഗൗതം അദാനിയെ ആവര്‍ത്തിച്ച് വിമര്‍ശിച്ചതിലൂടെയും അദാനി ഗ്രൂപ്പിനോടുള്ള സര്‍ക്കാര്‍ പക്ഷപാതം ആരോപിച്ചതിലൂടെയുമാണ് മൊയ്ത്ര ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ കൃത്രിമത്വം കാണിച്ചു എന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിലെ ആരോപണത്തെ തുടര്‍ന്ന് ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് അവര്‍ പാര്‍ലമെന്റില്‍ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചാണ് ദേശീയ ശ്രദ്ധ നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com