
ന്യൂഡൽഹി: ലോകത്തെ ഏറ്റവും ഉയരമേറിയ ആർച്ച് റെയിൽ പാലം ( Chenab bridge ) ജമ്മു കശ്മീരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യത്തെ കേബിൾ നിർമ്മിത പാലമാണ് ചെനാബിൽ രാജ്യത്തിനായി സമർപ്പിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 856 മീറ്റർ ഉയരത്തിൽ ഇന്ത്യ തീർത്ത എഞ്ചിനീയറിങ് വിസ്മയത്തിലൂടെ ഇനി ട്രെയിനുകൾ കൂകിപ്പായും. കശ്‌മീരിലെ കത്ര-ശ്രീനഗർ വന്ദേ ഭാരതും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും.
ലോക പ്രശസ്‌തമായ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം കൂടുതലാണ് ചെനാബ് റെയില്‍ പാലത്തിന്. 1315 മീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ (1179 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജമ്മു കശ്‌മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. 650 മീറ്റർ നീളമുള്ള വയഡക്‌ട് ഉൾപ്പെടെ പാലത്തിൻ്റെ ആകെ നീളം 1315 മീറ്ററാണ്.
ആകെ 119 കിലോമീറ്റർ നീളമുള്ള 36 തുരങ്കങ്ങളും ഏകദേശം 1,000 പാലങ്ങളും ഇതിൽ ഉൾപ്പെടുന്നു. 110 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾ ഓടിക്കാവുന്ന പാലത്തിന് 120 വർഷത്തെ ആയുസ്സാണ് പറഞ്ഞിട്ടുള്ളത് . മഞ്ഞു മൂടിക്കിടക്കുന്ന ചെനാബ് റെയില്‍ പാലത്തിലൂടെയുള്ള യാത്ര ഏതു സഞ്ചാരിയെയും ആകർഷിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കൂടുതൽ സഞ്ചാരികൾ കശ്മീരിലേക്ക് എത്തുമെന്നും അതിലൂടെ ടൂറിസം മേഖലയിൽ വീണ്ടും ഉണർവ്വ് സൃഷ്ടിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദക്ഷിണ കൊറിയയിലെ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചർ, അൾട്രാ കൺസ്ട്രക്ഷൻ & എഞ്ചിനിയറിങ് കമ്പനി, വിഎസ്എൽ ഇന്ത്യ എന്നിവ തമ്മിലുള്ള സംയുക്ത സംരംഭമായ മെഴ്‌സേഴ്‌സൺ ചെനാബ് ബ്രിഡ്‌ജ് പ്രോജക്‌ട് അണ്ടർടേക്കിങ് ആണ് കരാര്‍ ഏറ്റെടുത്തത്. എട്ടുവർഷംകൊണ്ട് 400ലധികം ജീവനക്കാരുടെ കഠിനപ്രയത്‌നത്തിന്റെ സാക്ഷാത്കാരമാണ് ചെനാബ് ആർച്ച് റെയിൽപാലം. കൊടുങ്കാറ്റ് മുതൽ ഭീകരാക്രമണം ഉള്‍പ്പെടെയുള്ള ഏത് പ്രതിസന്ധി ഘട്ടവും നേരിടാനുള്ള കരുത്തും ശക്തിയും പാലത്തിനുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ